Latest NewsKeralaNews

‘കഥ ഇനിയും തുടരും! അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണ്’

കൊച്ചി: ജനങ്ങൾക്ക് ഭീഷണിയായി നിന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ചതും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ചയാക്കുന്നത്. കൊമ്പനെ സൂര്യനെല്ലിയിൽ നിന്ന് പടക്കം പൊട്ടിച്ച് കുന്നിറക്കി മയക്കുവെടി വെച്ച വാർത്ത ശ്രദ്ധേയമാകുമ്പോൾ, ചിത്രത്തിൽ പോലുമില്ലാതെ മറയുന്നത് ഇന്നലെ വരെ ഉയർന്ന അഴിമതികളും വിവാദങ്ങളുമാണ്. എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് ഇന്ന് എവിടെയും ചർച്ച ഇല്ല. തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയുടെ ദുരൂഹ മരണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും റിപ്പോർട്ടുകളില്ല. ഇവയെല്ലാം അരിക്കൊമ്പനിലും ചക്കക്കൊമ്പനിലും മുങ്ങി പോയെന്ന നിരീക്ഷണമാണ് സോഷ്യൽ മീഡിയ നടത്തുന്നത്.

അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ ഇവിടുത്തെ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകയും എഴുത്തുകാരിയുമായ അഞ്‍ജു പാർവതി പ്രഭീഷ് ചൂണ്ടിക്കാട്ടുന്നു. അരിക്കൊമ്പൻ എന്ന പാവം ആനയെ വിവാദങ്ങൾക്ക് മേലെ മറയാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കോടികൾ കീശയിലാക്കി മുന്നോട്ടു പോകുമ്പോൾ അടുത്ത അഴിമതിയും വിവാദവും വീണ്ടും വരുമെന്ന് അഞ്‍ജു പാർവതി പറയുന്നു.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:

കേരളം കഴിഞ്ഞ ഒരു മാസത്തിലധികമായി ഒരു ആനയുടെ പിന്നാലെ ഓടെടാ ഓട്ടമാണ്; ഒപ്പം ചാനലുകാരും ! അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ ഇവിടുത്തെ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണ്. ആനയുടെ മറവിൽ എന്തെല്ലാമാണ് സമർത്ഥമായി ഒളിപ്പിക്കപ്പെടുന്നത്. A1 ക്യാമറയ്ക്ക് പിന്നിലെ കോടികളുടെ അഴിമതി കണക്ക്.! കാസർകോട് മുതൽ തിരുവനന്തപുരം വരെ പടർന്നു പന്തലിച്ച ലഹരി മാഫിയ ! തിരുവനന്തപുരത്തെ പോലിസ് ഓഫീസറുടെ ഏക മകളുടെ മരണവും പിന്നിലെ കാരണങ്ങളും. !

ശരിക്കും അരിക്കൊമ്പൻ എന്ന പാവം ആനയെ മറയാക്കി, മാധ്യമ പിമ്പുകളെ മുന്നിൽ നിറുത്തി നാടകം കളിക്കുമ്പോൾ പറയുന്ന മഹത് വചനം 301 കോളനിയും ആദിവാസി പുനരധിവാസവും അതിനുവേണ്ടി സുരക്ഷയ്ക്കായി അരിക്കൊമ്പനെ മാറ്റുക എന്നാണ്. ആർക്ക് വേണ്ടിയാണ് അരികൊമ്പനെ മാറ്റേണ്ടത് ? അവൻ്റെ മണ്ണിൽ അതിക്രമിച്ച് വന്നിട്ട് അതും പാവം ആദിവാസികളെ മറയാക്കി , എന്നിട്ട് അവനെ വില്ലനായി ചിത്രീകരിക്കുന്നത് ആർക്ക് വേണ്ടി? ആനകളുടെ താവളമായിരുന്ന സ്ഥലത്ത് 301 കോളനി സ്ഥാപിച്ചത് ആദിവാസികളോടുള്ള സ്നേഹം കൊണ്ടായിരുന്നുവോ? അല്ലേ അല്ല !

മനുഷ്യന് ഉള്ളതു പോലുള്ള കുടുംബ വ്യവസ്ഥിതിയാണ് ആനയ്ക്കും. ഒരു പരിധി വരെ സാമൂഹിക വ്യവസ്ഥിതിയും. ജനിച്ചു വീണ, വളർന്ന പരിസരങ്ങളിൽ നിന്നുള്ള പറിച്ചു നടൽ മനുഷ്യന് എത്രത്തോളം വേദനാജനകമാണോ അതിനേക്കാൾ പതിന്മടങ്ങാണ് ആനകൾക്ക്. വന്യ ജീവി ആക്രമണം കേവലം ഒരു അരിക്കൊമ്പനെ മാറ്റിയാൽ അവിടെ ഇല്ലാതെ ആകുമോ? ഇല്ല! അരിക്കൊമ്പൻ എന്ന പാവം ആനയെ വിവാദങ്ങൾക്ക് മേലെ മറയാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കോടികൾ കീശയിലാക്കി മുന്നോട്ടു പോകുമ്പോൾ വീണ്ടും വരും അടുത്ത അഴിമതിയും വിവാദവും. അപ്പോൾ ഇറക്കാൻ അടുത്ത ആനയും ആനക്കഥകളും റെഡിയാവും – അത് ചക്കക്കൊമ്പൻ! അത് കഴിയുമ്പോൾ മൊട്ടവാലൻ കഥകൾ മാപ്രകൾ ഇറക്കും. കഥ ഇനിയും തുടരും. ! കിറ്റ് എന്ന മയക്ക് വെടി ഏറ്റ ജനത പിന്നെയും ഈ നാടകം കണ്ട് കയ്യടിക്കും!

shortlink

Related Articles

Post Your Comments

Related Articles


Back to top button