ഹാസ്യ സാമ്രാട്ട് മാമുക്കോയയുടെ അപ്രതീക്ഷിത വേർപാടിൽ നൊമ്പരത്തിലായി സഹപ്രവർത്തകർ. മാമുക്കോയയുടെ വേർപാടിൽ അനുശോചനം അറിയിച്ച് സഹപ്രവർത്തകർ രംഗത്ത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, പൃഥ്വിരാജ്, വിജയരാഘവൻ, ബിന്ദു പണിക്കർ തുടങ്ങി സിനിമയിലെ യുവതാരങ്ങളടക്കം മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ നേർന്നിട്ടുണ്ട്.
പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ മാമുക്കോയയുടെ ചിത്രത്തിനൊപ്പം കുറിച്ചത്.
ആ നിറഞ്ഞ ചിരിയും മാഞ്ഞു, ഹൃദയംകൊണ്ട്, ഒരു സുഹൃത്തിനെപ്പോലെ സഹോദരനെ പോലെ സ്നേഹിച്ച ചിരിയുടെ സുൽത്താന് വിട എന്നാണ് ദിലീപ് മാമുക്കോയയെ ഓർമിച്ചത്.
ഓരോരുത്തരായി പോകുന്നതിൽ എന്താണ് പറയേണ്ടതെന്നായിരുന്നു വിജയരാഘവൻ പ്രതികരിച്ചത്. എല്ലാവർക്കും ഇഷ്ടമുള്ള മനുഷ്യനായിരുന്നു മാമുക്കോയ എന്നും വിജയരാഘവൻ പറഞ്ഞു.
‘സ്നേഹിച്ചും സന്തോഷിച്ചും കൂടെയുണ്ടായിരുന്ന ഒരുപാട് പേർ കൊഴിഞ്ഞുപോയി. ഇപ്പോൾ ഹൃദയം ഒരു കല്ലായിപ്പോയിരിക്കുകയാണ്. ഓരോരുത്തരായി പോവുകയാണ്. ഞാനും കൊച്ച് ചെറുക്കനൊന്നുമല്ല. എനിക്കും പോവാറായി, ക്യൂവിൽ നിൽക്കുകയാണ്’, ജനാർദനൻ പറഞ്ഞു. മാതൃഭൂമിയോടായിരുന്നു ഇവരുടെ പ്രതികരണം.
Post Your Comments