കൊച്ചി: ഇടതുപക്ഷ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നവ്യ നായർ ബി.ജെ.പി സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവം 2023 ല്‍ ഡാൻസ് അവതരിപ്പിച്ച നവ്യ, ശേഷം പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയെ വണങ്ങി കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ നവ്യ ശ്രമിച്ചതും സൈബർ സഖാക്കളെ ചൊടിപ്പിച്ചിരുന്നു. നവ്യയ്ക്കെതിരെ ട്രോളുകളും പരിഹാസ പോസ്റ്റുകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ നടക്കുന്ന സംഘടിത വിമർശനങ്ങൾക്ക് കൃത്യമറുപടി നൽകുകയാണ് നവ്യ.
പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നവ്യ, ഒറ്റ വരി കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം’ എന്നാണ് നവ്യയുടെ വാക്കുകള്‍. നവ്യയുടെ വാക്കുകള്‍ നരേന്ദ്ര മോദിയുടെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി തന്നെയാണ് നവ്യ നൽകിയതെന്നും, ഇതിലും നല്ല മറുപടിയില്ല എന്നുമാണ് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട യുവം 2023 പരിപാടിയില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ മേഖലകളില്‍ നിന്ന് നിരവധി പേർ പങ്കെടുത്തിരുന്നു. നവ്യക്ക് ഒപ്പം അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും പങ്കെടുത്തിരുന്നു. എന്നാല്‍ നവ്യക്ക് എതിരെ മാത്രമായിരുന്നു കൂടുതല്‍ വിമര്‍ശനം ഉയർന്നത്. അതിനുകാരണം നവ്യയുടെ രാഷ്ട്രീയ പ്രസ്താവനകൾ ആയിരുന്നു. 2021 ഏപ്രിലിൽ ധര്‍മടത്ത് നടന്ന വിജയം കലാ സാംസ്‌കാരിക പരിപാടിയില്‍ നവ്യ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നവ്യ വേദി പങ്കിട്ടിരുന്നു. ഈ വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നടി വാനോളം പുകഴ്ത്തിയിരുന്നു. മുഖ്യനെ പുകഴ്ത്തിയ നവ്യ, നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതായിരുന്നു സൈബർ സഖാക്കളെ ചൊടിപ്പിച്ചത്.
View this post on Instagram
Post Your Comments