കൊച്ചി വാട്ടർ മെട്രോയുടെ കന്നി സർവീസ് ആരംഭിച്ചു. ഹൈക്കോട്ട് ജംഗ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. ഇതോടെ, വാട്ടർ മെട്രോ ജലഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. വൈറ്റില- കാക്കനാട് റൂട്ടിൽ നാളെ മുതലാണ് സർവീസ് ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാട്ടർ മെട്രോയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
നൂറോളം പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ സാധിക്കുന്ന 8 ഇലക്ട്രിക്- ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായിട്ടുള്ളത്. വളരെ കുറഞ്ഞ നിരക്കിലുളള യാത്രാ സൗകര്യമാണ് വാട്ടർ മെട്രോ ഒരുക്കുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും, പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപയുമാണ്. കൂടാതെ, സ്ഥിരം യാത്രക്കാർക്ക് ആഴ്ചതോറുമുള്ള പാസിന് 180 രൂപയും, മാസംതോറുമുള്ള പാസിന് 600 രൂപയും, ത്രൈമാസ പാസിന് 1500 രൂപയും നൽകിയാൽ മതിയാകും.
Also Read: നിർത്തിയിട്ട കാറിൽ എസി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
യാത്രക്കാർക്ക് അതീവ സുരക്ഷയാണ് വാട്ടർ മെട്രോയിൽ ഒരുക്കിയിട്ടുള്ളത്. വേലിയേറ്റ സമയത്തും, വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ലോട്ടിംഗ് ജട്ടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിംഗ് സിസ്റ്റവും ഉണ്ട്.
Leave a Comment