KeralaLatest NewsNewsSaudi ArabiaGulf

‘എന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല, ബെന്നിക്ക് ഞാൻ ഡിവോഴ്സ് നോട്ടീസ് അയച്ചതാണ്’: ആയിഷ

ജിദ്ദ: സൗദി അറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി ഭർത്താവ് ആന്റണി പരാതിപ്പെട്ടിരുന്നു. വാടാനപ്പള്ളി സ്വദേശിയായ ആതിരയ്‌ക്കെതിരെയായിരുന്നു ഭർത്താവ് ബെന്നി ആന്റണി മുഖ്യമന്ത്രിക്കും പോലീസിനും പരാതി നൽകിയത്. ഇപ്പോഴിതാ, തന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിലും ഭർത്താവിന്റെ പരാതിയിലും കഴമ്പില്ലെന്ന് തൃശ്ശൂര്‍ സ്വദേശി ആയിഷ വ്യക്തമാക്കുന്നു.

വാടാനപ്പള്ളി സ്വദേശിയായ ആതിര മോഹന്‍ മതം മാറി ആയിഷയായതിന് പിന്നില്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഈ ആരോപണത്തോടാണ് വാര്‍ത്താ സമ്മേളനത്തില്‍ ആയിഷയുടെ പ്രതികരണം. പ്രചരണങ്ങളില്‍ യാതൊരു വസ്തുതയുമില്ലെന്നും തന്റെ മുന്‍ ഭര്‍ത്താവ് ബെന്നി ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതി ശരിയല്ലെന്നും ആയിഷ പറഞ്ഞു.

‘2013ല്‍ പ്രേമ വിവാഹം നടത്തിയെങ്കിലും ഇയാള്‍ നിരന്തരമായി തന്നെ ഉപദ്രവിക്കുമായിരുന്നു. മദ്യപിച്ചു വീട്ടില്‍ വന്നു നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. ജോലി ആവശ്യാര്‍ത്ഥം ജിദ്ദയില്‍ എത്തിയെങ്കിലും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഭര്‍ത്താവിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും ഈ പണം ധൂര്‍ത്തടിക്കുകയായിരുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാന്‍ ഇയാള്‍ തയ്യാറായില്ല. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലല്ല. രണ്ടു വര്‍ഷത്തിലേറെയായി തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാള്‍ വിട്ടുതരാത്തതാണ്. ഞാൻ വേണ്ടെന്ന് വെച്ചതല്ല.

ഞാൻ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നോട്ടീസ് അയച്ചിട്ട് കുറേയായി. നടപടികള്‍ നടന്നുവരികയാണ്. ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും തന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് താന്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇതില്‍ താന്‍ ജോലി ചെയ്യുന്ന ക്ലിനിക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. എന്നാല്‍ ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധികൃതര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. അവരെ കുറിച്ച് ബെന്നി പറഞ്ഞത് മുഴുവന്‍ നൂറു ശതമാനം നുണയാണ്’, ആയിഷ പറഞ്ഞു.

സൗദിയിൽ ജോലിക്ക് പോയി, അവിടെ വെച്ച് മതം മാറിയ ആതിര കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഭർത്താവ് ബെന്നി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചത്. കർമ്മ ന്യൂസ് ആണ് ഈ റിപ്പോർട്ട് ആദ്യം പുറത്തുവിട്ടത്. ആയിഷ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എക്‌സ്‌റെ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നുവെന്നും അവര്‍ക്കുള്ള ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സ്ഥാപനം നല്‍കിയിട്ടുണ്ടെന്നും അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആയിഷയോടൊപ്പം അല്‍മാസ് മാനേജ്‌മെന്റ് ഭാരവാഹികളായി സികെ കുഞ്ഞിമരക്കാര്‍, മുസ്തഫ സെയ്ദ്, അസിഫലി, റാഫി മോന്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button