Latest NewsKeralaNews

താഹിറ ലക്ഷ്യമിട്ടത് സഹോദരന്റെകുടുംബത്തെ ഉന്മൂലനം ചെയ്യാൻ: കാരണം മുൻവൈരാഗ്യം, ‘ക്രിമിനൽ’ ബുദ്ധി പ്രയോഗിച്ചതെന്ന് പോലീസ്

കൊയിലാണ്ടി: 12കാരനെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതിൽ സഹോദരന്റെ കുടുംബത്തെ മുഴുവനായി ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അരിക്കുളത്തെ കോറോത്ത് താഹിറ പദ്ധതിയിട്ടത്. ഇതിനായി തന്റെ ‘ക്രിമിനൽ’ ബുദ്ധി പ്രയോഗിച്ചതെന്ന് പോലീസ് നിഗമനം. കുടുംബത്തിന് മൊത്തം കഴിക്കാനുള്ള ഐസ്ക്രീം പാക്കറ്റ് വാങ്ങി അതിൽ വിഷം കലർത്തിയാണ് താഹിറ സഹോദരൻ മുഹമ്മദലിയുടെ വീട്ടിലെത്തിയത്.

താഹിറ വീട്ടിലെത്തിയ നേരത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ രിഫായി മാത്രമാണ് ഉണ്ടായിരുന്നത്. പിതൃസഹോദരി സ്നേഹത്തോടെ വച്ചു നീട്ടിയ ഐസ്ക്രീമിന്റെ ചെറിയൊരു ഭാഗം അവന്‍ കഴിച്ചു തുടങ്ങിയെങ്കിലും, രുചിവ്യത്യാസം ഉണ്ടായതിനെത്തുടർന്ന് ബാക്കി ഉപേക്ഷിക്കുകയായിരുന്നു. ഉമ്മയും രണ്ടുസഹോദരങ്ങളും ഈ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാലാണ് അവർ രക്ഷപ്പെട്ടത്. അഹമ്മദ് ഹസൻ റിഫായി ആറാം ക്ലാസ് വിദ്യാർഥിയാണ്.

മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു. കുട്ടികളോടൊപ്പം ഇവരെയും താഹിറ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പോലീസ് അനുമാനം. ഐസ്ക്രീം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പധികൃരും പോലീസും ഐസ്ക്രീം വിറ്റ കട സീൽ ചെയ്ത് രണ്ടു ദിവസം അടപ്പിച്ചിരുന്നു. എന്നാൽ, ഇവിടെ നിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച മറ്റുള്ളവർക്കൊന്നും ഭക്ഷ്യവിഷബാധ ഏൽക്കാതിരുന്നതും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിച്ച അഹമ്മദ് ഹസൻ രിഫായിയുടെ ശരീരത്തിൽ അമോണിയയുടെയും ഫോസ്ഫേറ്റിന്റെയും അംശം കൂടുതലായി കണ്ടെത്തിയതും പോലീസിന്റെ സംശയം ഇരട്ടിപ്പിച്ചു.

ഐസ്ക്രീമിൽ ഒരു കാരണവശാലും ഉണ്ടാകാൻ സാധ്യതയില്ലാത്ത രാസവസ്തുവാണ് അമോണിയം ഫോസ്ഫേറ്റ്. മനഃപൂർവം ചേർക്കാതെ ഇതൊരിക്കലും ഐസ്ക്രീമിൽ എത്തില്ല. ഇതോടെ ഐസ്ക്രീം വാങ്ങി നൽകിയ താഹിറയിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞു. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി. പലവട്ടം താഹിറയെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇവർ വിദഗ്ധമായി ഒഴിഞ്ഞുമാറി.

എന്നാൽ, മൊഴികളിലെ വൈരുധ്യങ്ങളും സൂപ്പർമാർക്കറ്റിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും ബന്ധപ്പെടുത്തി അന്വേഷണം നടത്തിയപ്പോൾ താഹിറ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിന് വ്യക്തമായി.

വെള്ളിയാഴ്ച പുലർച്ചെയാണ് താഹിറയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പിന്നീട്, അരിക്കുളത്തെത്തിച്ച് താഹിറ താമസിക്കുന്ന വീട്ടിലും മരിച്ച അഹമ്മദ് ഹസൻ റിഫായിയുടെ വീട്ടിലും ഐസ്ക്രീം വാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button