കൊച്ചി: വാട്ടർ മെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ. 20 രൂപയാണ് വാട്ടർ മെട്രോയിലെ കുറഞ്ഞ യാത്ര നിരക്ക്. 40 രൂപയാണ് പരമാവധി ടിക്കറ്റ് നിരക്ക്. രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.
Read Also: കേരളത്തിലെ പാല്‍-ബസ്-ഇന്ധന നിരക്കുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കാളും കൂടുതലോ കുറവോ?
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്ടർ മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ് നടത്തുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ പ്രത്യേക ഇളവുകളും നൽകിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി ഒരുക്കിയിരിക്കുന്നത്.
100 പേർക്ക് ഒരേ സമയം വാട്ടർ മെട്രോയിൽ യാത്ര ചെയ്യാം. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടാണ് സർവീസ് നടത്തുക. ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്.
കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.
Post Your Comments