കർഷകരിൽ നിന്നും സമയബന്ധിതമായി ശേഖരിച്ച നെല്ലിന്റെ പണം നൽകാനാകാതെ സപ്ലൈകോ. കർഷകർക്ക് പണം നൽകാൻ കൺസോർഷ്യത്തിന്റെ കനിവിനായാണ് സപ്ലൈകോ കാത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ തലത്തിൽ ബാങ്ക് കൺസോർഷ്യത്തോട് 800 കോടി രൂപയാണ് വായ്പയായി സപ്ലൈകോ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംസ്ഥാന സർക്കാർ വിഹിതമായി ലഭിക്കേണ്ട 700 കോടി രൂപയും സപ്ലൈകോയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
സംഭരിച്ച നെല്ലിന്റെ വില മാസങ്ങളായിട്ടും ലഭിക്കാത്തതോടെ വലഞ്ഞിരിക്കുകയാണ് കർഷകർ. സംഭരണം 60 ശതമാനം പൂർത്തിയാക്കുമ്പോഴാണ് കർഷകന് പണം നൽകാനാകാതെ സപ്ലൈകോ ഗുരുതര പ്രതിസന്ധി നേരിട്ടത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ കൊയ്ത്ത് പൂർത്തിയാക്കുന്നതാണ്. ഇതോടെ, കർഷകർക്ക് നൽകാനുള്ള തുക കുത്തനെ ഉയരുന്നതാണ്. ഏപ്രിൽ 19 വരെയുള്ള കണക്കനുസരിച്ച്, 1380 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ഇതിൽ 927 കോടി രൂപ മാത്രമാണ് കർഷകർക്ക് നൽകിയത്. ഇനിയും 457 കോടി രൂപ നൽകാൻ ബാക്കിയാണ്.
Post Your Comments