KeralaLatest NewsNews

‘കേന്ദ്രം കൊണ്ടുവന്ന നിയമമാണിത്, നിയമം മാറ്റാൻ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’: മന്ത്രി

തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പഴി മുഴുവൻ കേന്ദ്ര സർക്കാരിന്റെ തലയിൽ ഇട്ട് ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ ക്യാമറ സ്ഥാപിക്കുന്നതും, അതിലെ നിയമങ്ങളും കൊണ്ടുവന്നത് മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ ആണെന്നും, ഈ നിയമം മാറ്റാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ എന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ ഉൾപ്പെടെയുള്ള എമർജന്‍സി വാഹനങ്ങൾക്ക് നിയമങ്ങളിൽ നിന്ന് ഇളവ് ഉണ്ടെന്ന് തുറന്നു സമ്മതിച്ച അദ്ദേഹം. ഈ നിയമം സംസ്ഥാന സർക്കാരിന്റേതല്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുകയാണ്.

രക്ഷിതാക്കൾ കുട്ടിയെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയാൽ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. നിയമലംഘനങ്ങൾക്ക് ഒരു മാസക്കാലം പിഴ ഈടാക്കില്ലെന്നും, മെയ് 19വരെ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 20 മുതൽ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.

‘ബൈക്കിൽ അച്ഛനും അമ്മക്കും യാത്ര ചെയ്യാനേ നിലവിൽ നിയമം ഉള്ളു. രക്ഷിതാവിന്‍റെ കൂടെ ഹെൽമെറ്റ് ധരിച്ച് കുട്ടിക്ക് സഞ്ചരിക്കാം. എന്നാൽ യാത്ര ചെയ്യുന്നവരുടെ എണ്ണം രണ്ടിൽ കൂടരുത്. ഇത് ലംഘിക്കുന്നവരെ പിടികൂടാം. മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന നിയമമാണിത്. സംസ്ഥാന സർക്കാരിന്‍റേതല്ല. അതിനാൽ ഈ നിയമം മാറ്റാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ. മന്ത്രിമാരുടെ ഉൾപ്പെടെയുള്ള എമർജന്‍സി വാഹനങ്ങൾക്ക് നിയമങ്ങളിൽ നിന്ന് ഇളവ് ഉണ്ട്’, മന്ത്രി പറഞ്ഞു.

അതേസമയം, നിലവിൽ നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ച് ബോധവൽക്കരണം നൽകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എഐ ക്യാമറ, സ്മാർട്ട് ലൈസൻസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 726 ക്യാമറകൾ ഇന്നു മുതൽ സംസ്ഥാനത്തൊട്ടാകെ പ്രവർത്തിച്ചു തുടങ്ങും. ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്കാകും പിഴ ഈടാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button