
തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിക്കുന്നതും, അതിലെ നിയമങ്ങളും കൊണ്ടുവന്നത് മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ ആണെന്നാരോപിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. എ.ഐ ക്യാമറകൾ വെച്ച് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ മോദി സർക്കാർ ആവശ്യപ്പെട്ടോ എന്നദ്ദേഹം ചോദിക്കുന്നു. എ.ഐ ക്യാമറ വച്ച് പിഴയീടാക്കണമെന്ന് നരേന്ദ്ര മോദി ഒരു നിയമവും കൊണ്ട് വന്നിട്ടില്ലെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു.
ബൈക്കിൽ ത്രിബിൾസ് പോയാൽ ഫൈൻ എന്നത് പണ്ട് മുതലേ ഉള്ള നിയമമാണ്. എന്നാൽ ആ നിയമത്തെ മറയാക്കി എ.ഐ ക്യാമറ വച്ച് മനുഷ്യപ്പറ്റില്ലാതെ കൊച്ചുകുട്ടികളെ കൊണ്ട് പോകുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് മേൽ കൂടി പിഴ ചുമത്തുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ കുതന്ത്രമെന്ന് അദ്ദേഹം ആരോപിക്കുന്നു. ഒരു പരിഷ്കരണം കൊണ്ട് വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആമ്പിയർ ഇല്ലെങ്കിൽ മന്ത്രിപ്പണി നിർത്തി വേറെ വല്ല പണിക്കും പോണമെന്നും സന്ദീപ് വാര്യർ ഗതാഗത മന്ത്രിയെ പരിഹസിച്ച് പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
എ ഐ ക്യാമറ വച്ച് നാട്ടുകാരെ കൊള്ളയടിക്കുന്നതിന് ഗതാഗത മന്ത്രിയുടെ ന്യായീകരണം കേന്ദ്ര നിയമമാണ് എന്നാണ് .
എന്താണ് സത്യം ? എഐ ക്യാമറ വച്ച് പാവപ്പെട്ടവനെ കൊള്ളയടിക്കാൻ മോദി പറഞ്ഞോ ? എഐ ക്യാമറ വച്ച് പിഴയീടാക്കണമെന്ന് നരേന്ദ്ര മോദി ഒരു നിയമവും കൊണ്ട് വന്നിട്ടില്ല . ഉണ്ടെങ്കിൽ ബിജെപി ഭരിക്കുന്ന തൊട്ടപ്പുറത്തെ കർണാടകയിൽ എഐ കാമറ വച്ചുള്ള പിഴ പരിപാടി വേണ്ടേ ? തമിഴ്‌നാട്ടിൽ വേണ്ടേ ? മാഹിയിൽ വേണ്ടേ ?
ദേശീയ പാതകളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ തോന്നിയത് പോലെ പിഴ ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തടയാൻ ഏകീകൃത നിയമം കേന്ദ്രത്തിനുണ്ട് . അത്ര മാത്രമേ ഉള്ളൂ .
ബൈക്കിൽ ത്രിബിൾസ് പോയാൽ ഫൈൻ എന്നത് പണ്ട് മുതലേ ഉള്ള നിയമമാണ് . എന്നാൽ ആ നിയമത്തെ മറയാക്കി എഐ ക്യാമറ വച്ച് മനുഷ്യപ്പറ്റില്ലാതെ കൊച്ചു കുട്ടികളെ കൊണ്ട് പോകുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് മേൽ കൂടി പിഴ ചുമത്തുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ കുതന്ത്രം .
മറ്റൊന്ന് വിഐപികളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് . രാജ്യത്തെ മുഴുവൻ പൗരന്മാരും വിഐപികൾ ആണെന്നതാണ് നരേന്ദ്ര മോദി സർക്കാരിന്റെ നയം . വിഐപി കൾച്ചറിന് മോദി സർക്കാർ തടയിട്ടു . കേന്ദ്ര നിയമ പ്രകാരം റെഡ് ബീക്കൺ ഉപയോഗിക്കുന്ന വാഹനങ്ങൾ മാത്രമാണ് ദേശീയപാതയിലെ എൻഫോഴ്സ്മെന്റിന്റെ പരിധിയിൽ പെടാത്തത് . കേരളത്തിൽ ആ ആനുകൂല്യം ആർക്കൊക്കെ കിട്ടും ? റെഡ് ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ അവകാശമുള്ള മൂന്നേ മൂന്ന് പേരേ കേരളത്തിൽ ഉള്ളൂ . ബഹു ഗവർണർ , ബഹു മുഖ്യമന്ത്രി , ബഹു ഹൈക്കോടതി ചീഫ് ജസ്റ്റിസ് . പക്ഷെ കേരളത്തിൽ ഈ കേന്ദ്ര നിയമം അട്ടിമറിച്ച് സകല മന്ത്രിമാർക്കും ഉദ്യോഗസ്ഥ പ്രഭുക്കൾക്കുമെല്ലാം റെഡ് ബീക്കൺ നൽകി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചെറ്റത്തരമാണ് .
ഗതാഗത മന്ത്രിയോട് പറയാനുള്ളത് ഒരു പരിഷ്കരണം കൊണ്ട് വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആമ്പിയർ ഇല്ലെങ്കിൽ മന്ത്രിപ്പണി നിർത്തി വേറെ വല്ല പണിക്കും പോണം .
Post Your Comments