ഗുവാഹത്തി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് വനിതാ നേതാവ്. അസം മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അങ്കിത ദത്തയാണ് മാനനഷ്ടക്കേസ് നല്‍കിയത്. ശ്രീനിവാസ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി.
തന്നെ നിരന്തരമായി ശ്രീനിവാസ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും പാര്‍ട്ടിയില്‍ പലയിടങ്ങളിലും തന്നെ അവഗണിക്കുകയും ചെയ്തിട്ടുണ്ടെന്നും അങ്കിത ആരോപിച്ചു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വനിത നേതാവ് ചൂണ്ടിക്കാട്ടി. രാഹുലിനും പ്രിയങ്കയ്ക്കും പരാതി നൽകിയെങ്കിലും അവഗണിച്ചതായും ഇവർ പറയുന്നു. അതേസമയം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.
അസം മുന്‍ മന്ത്രി അഞ്ജന്‍ ദത്തയുടെ മകളാണ് അങ്കിത ദത്ത. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും നടപടി എടുക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കിത ദത്ത ചോദ്യം ചെയ്തു. ‘ഒരാള്‍ക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ അപമാനിക്കാനും പാര്‍ട്ടിയെ നയിക്കാനും കഴിയുക?. പ്രിയങ്ക ഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലും എനിക്ക് വളരെ വിശ്വാസമാണുള്ളത്. അവര്‍ക്കെല്ലാം എന്തുപറ്റി?’, അങ്കിത ചോദിച്ചു.
Post Your Comments