സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ഗോ ഫസ്റ്റ് എയർലൈൻ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ എയർലൈൻ ബിസിനസിൽ നിന്നും പുറത്തുകടക്കാൻ ഒരുങ്ങുന്നവെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് ഇന്ത്യയുടെ അൾട്രാ ലോ- കോസ്റ്റ് കാരിയറായ ഗോ ഫസ്റ്റ് എത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി എൻജിനുകളുടെ ദൗർലഭ്യം കമ്പനി നേരിട്ടിരുന്നു. എന്നാൽ, ഏവിയേഷൻ ബിസിനസിൽ നിന്ന് ഓഹരികൾ ഉപേക്ഷിക്കാനോ, പുറത്തു കടക്കാനോ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഗോ ഫസ്റ്റ് അറിയിച്ചു.
ഇക്വിറ്റി രൂപത്തിൽ കൂടുതൽ ഫണ്ടുകൾ നിക്ഷേപിക്കാൻ ഗോ ഫസ്റ്റ് തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഏപ്രിൽ അവസാനത്തോടെ പ്രമോട്ടർ ഇക്വിറ്റിയായും, ബാങ്ക് ലോണായും 600 കോടി രൂപ ലഭിക്കുമെന്ന് ഗോ ഫസ്റ്റ് സൂചനകൾ നൽകിയിട്ടുണ്ട്. വ്യോമയാന വ്യവസായം കോവിഡിന് മുൻപുള്ള രീതിയിലേക്ക് മെച്ചപ്പെട്ടതിനാൽ, ശുഭപ്രതീക്ഷയാണ് നൽകുന്നത്. നിലവിൽ, എയർലൈനിന്റെ 57 വിമാനങ്ങളിൽ 28 വിമാനങ്ങളുമായി ഗോ ഫസ്റ്റ് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.
Post Your Comments