തിരുവനന്തപുരം: ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാ പോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. ഇതുവരെ നിങ്ങളുടെ സഹായത്തോടെ റെയർ ഗ്രൂപ്പ് ഉൾപ്പെടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്കെത്തിച്ചു നൽകാൻ കേരളാ പോലീസിന് കഴിഞ്ഞു.
രക്തദാനത്തിന് നിങ്ങളും മുന്നോട്ട് വന്നാൽ മാത്രമേ തങ്ങൾക്ക് ഈ സേവനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നത് ഓർമ്മപ്പെടുത്തൽ അല്ല അപേക്ഷയാണെന്ന് പോലീസ് അറിയിച്ചു. രക്തദാനത്തിന് സന്മനസ് ഉളളവർ പേര്, രക്ത ഗ്രൂപ്പ്, ജില്ല എന്നിവ 9497990500 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യുക.
കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോട് കൂടിയാണ് പോൽ ബ്ലഡിന്റെ പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്ത ദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെടും.
Post Your Comments