ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് പാവപെട്ടവര്‍ക്ക് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. വിഷ്ണു അവതാരങ്ങളായ പരശുരാമന്‍, ബലഭദ്രന്‍ എന്നിവര്‍ ജനിച്ച ദിവസം കൂടിയാണത്. അതിനാല്‍ പരശുരാമജയന്തി, ബലഭദ്രജയന്തി അഥവാ കര്‍ഷകരുടെ പുണ്യദിവസം എന്നൊക്കെ പ്രാദേശികമായ പല പേരുകളില്‍ അറിയപ്പെടാറുണ്ട്.
Read Also: നഷ്ടപ്പെട്ട ശ്രദ്ധയും ഏകാഗ്രതയും തിരിച്ചു പിടിക്കാന്‍ ചെയ്യേണ്ടത്
സമ്പത്ത്, സമൃദ്ധി, സന്തോഷം, പ്രതീക്ഷ എന്നിവ ഒരിക്കലും കുറയാത്തത് എന്നാണ് അക്ഷയ തൃതീയ കൊണ്ട് അര്‍ത്ഥമാക്കുന്നത്. വൈശാഖ മാസത്തിലെ ചാന്ദ്രദിനത്തിലാണ് ഈ ദിവസം ഉത്സവമായി ആഘോഷിക്കുന്നത്. അക്ഷയ തൃതീയ രോഹിണി നാളില്‍ വന്നാല്‍, ഈ ദിനം കൂടുതല്‍ ഐശ്വര്യമാകുമെന്നാണ് വിശ്വാസം. ഈ ദിവസം നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഉപവാസം, എന്നിവ വിശ്വാസികള്‍ പിന്തുടരാറുണ്ട്.
കേരളത്തിലെ നമ്പൂതിരിഗൃഹങ്ങളില്‍ അന്നേദിവസം അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. ഗുരുവായൂര്‍ക്ഷേത്രത്തിലും ഇന്നേ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. ലക്ഷ്മിനാരായണ സങ്കല്പത്തിലാണ് അന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം. ലക്ഷ്മിനാരായണ പ്രധാന്യമുള്ള എറണാകുളത്തെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും കൊരട്ടി മുളവള്ളിക്കാവ് ദേവീ ക്ഷേത്രത്തിലും അന്ന് വിശേഷമാണ്.
ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. പരാശക്തിയുടെ വിവിധ ഭാവങ്ങളായ അന്നപൂര്‍ണേശ്വരി, മാതംഗി എന്നിവരുടെ അവതാരദിവസം കൂടിയാണ് അക്ഷയതൃതീയ. അതിനാല്‍ അന്ന് ഭഗവതി ക്ഷേത്രങ്ങളിലും വീടുകളിലും സമൃദ്ധിക്കായി അന്നപൂര്‍ണേശ്വരിയെ ആരാധിക്കുകയും ദാനധര്‍മങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ആഹാരം നല്‍കുന്ന ഭഗവതിയാണ് അന്നപൂര്‍ണേശ്വരി എന്നറിയപ്പെടുന്നത്. ഇത് ശ്രീ പാര്‍വതിയുടെ സവിശേഷരൂപം കൂടിയാണെന്ന് പുരാണങ്ങള്‍ പറയുന്നു.
Post Your Comments