ന്യൂഡല്‍ഹി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ, ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് തീരുമാനം.
സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹർജി നല്‍കിയത്. പുനഃരധിവാസം വെല്ലുവിളിയാണ് എന്നും പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിഷയമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞെങ്കിലും ആവശ്യങ്ങൾ കോടതി തള്ളുകയായിരുന്നു.
ആനയെ പിടിക്കാൻ അനുവാദം വേണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ആരാണ് പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് നിർദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി സർക്കാരിൻ്റെ പാനൽ തന്നെയല്ലേ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകിയതെന്ന് ചോദിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. പാനലിലുണ്ടായിരുന്നത് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നു. കേസിൽ കക്ഷി ചേരാനുള്ള മറ്റ് അപേക്ഷകൾ ഇന്ന് കേൾക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Post Your Comments