കണ്ണൂർ: സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം ആശുപ്രത്രിയിലേക്ക് മാറ്റി. സംഭവം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയേയും മകളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടു കൂടിയാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഉംദുര്‍മന്‍ എന്ന സ്ഥലത്തുള്ള ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയതായാണ് വിവരം. ശനിയാഴ്ച രാത്രിയായിരുന്നു സൈന്യവും അര്‍ധ സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ബര്‍ട്ട് കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിലെ ജനലിലൂടെ ആല്‍ബര്‍ട്ടിന് വെടിയേല്‍ക്കുകയായിരുന്നു. ഇതിനിടെ ഭാര്യയും മകളും ഫ്‌ളാറ്റിലെ തന്നെ സുരക്ഷിത സ്ഥാലത്ത് അഭയം പ്രാപിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള സഹായം അഭ്യർത്ഥിച്ച് ആൽബർട്ടിന്റെ ഭാര്യ സൈബല്ല രംഗത്തെത്തിയിരുന്നു.
കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനിൽ കൊല്ലപ്പെട്ടത്. ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍. 48 വയസായിരുന്നു. സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്‍. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.
സുഡാനിന്‍റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം. സുഡാനിലെ തെരുവുകളിൽ ഇപ്പോഴും സംഘർഷം തുടരുന്നതിനാൽ ഗതാഗതവും ജനജീവിതവും സ്തംഭിച്ചിരിക്കുകയാണെന്നും രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുള്ള സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
Post Your Comments