Latest NewsKeralaNews

ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് വലിയ ഇടപെടൽ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർദ്രം മിഷൻ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതാണ് വാർഷിക പരിശോധനാ പദ്ധതി. പരിശോധനയ്ക്കുള്ള വിമുഖത മാറ്റി എല്ലാവരേയും ഇതിലേക്ക് കൊണ്ടുവരാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: പോലീസിലെ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നത് സർക്കാരും സിപിഎമ്മും: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

സർക്കാരിന്റെ നാല് മിഷനുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഈ മിഷനുകൾക്ക് വലിയ രീതിയിലുള്ള ജനപങ്കാളിത്തമുണ്ടായി. ആർദ്രം മിഷനാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്നത്. ആരോഗ്യ രംഗത്ത് എടുത്തുപറയത്തക്ക മാറ്റം ഉണ്ടാക്കാൻ ആർദ്രം മിഷനിലൂടെ കഴിഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ആ പ്രദേശത്തെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകണം. ജനങ്ങൾക്ക് ആശ്രയിക്കാവുന്ന അവരുടെ ചികിത്സാ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രം മാറണം. അങ്ങനെ വരുമ്പോൾ ഡോക്ടറും രോഗിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടാകും. 100 ദിന കർമ പരിപാടിയിൽ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആർദ്രം മിഷനിലൂടെ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂർവമായ ഇടപെടൽ ഉണ്ടാകണം. ചില തദ്ദേശ സ്ഥാപനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യ മേഖലയിൽ വന്ന മാറ്റത്തിന്റെ ഗുണഫലം അനുഭവിക്കാൻ കഴിഞ്ഞവരാണ് നമ്മൾ. ലോകം മുഴുവൻ കോവിഡ് വിറപ്പിച്ചപ്പോൾ പല വികസിത രാഷ്ട്രങ്ങളും മുട്ടുകുത്തിയപ്പോൾ കേരളത്തിന് നല്ല രീതിയിൽ പിടിച്ചു നിൽക്കാനായത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ സർക്കാർ ആർദ്രം മിഷനിലൂടെ ഇടപെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്. കോവിഡ് മഹാമാരിയുടെ മൂർദ്ധന്യത്തിൽ പോലും ആശുപത്രി കിടക്കകളും ഓക്സിജൻ കിടക്കകളും ഐസിയു വെന്റിലേറ്ററുകളും ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. നമ്മുടെ നാടിനെക്കുറിച്ച് പരാതികൾ ഉന്നയിച്ചവരിൽ പലരും കോവിഡ് വ്യാപിച്ചപ്പോൾ ഇവിടുത്തെ ആരോഗ്യ സംവിധാനത്തേയാണ് ആശ്രയിച്ചത്. നമ്മുടെ ആരോഗ്യ രംഗം നല്ല രീതിയിൽ ഏത് മാരക രോഗങ്ങളേയും പകർച്ച വ്യാധികളേയും നേരിടാനുള്ള കരുത്താർജിച്ചു. വികസനക്ഷേമ പദ്ധതികൾ ഒരേപോലെ ശക്തിപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് നാടിന്റെ വികസനത്തിൽ വലിയ കരുത്ത് പകരും. ദരിദ്രാവസ്ഥയിലുള്ളവർ കുറവുള്ള നാടാണ് കേരളം. അതിൽ നിന്നും പരമ ദാരിദ്ര നിർമാർജനമാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായി എല്ലാവരും നന്നായി മുൻകൈയ്യെടുക്കണം. ഓരോ വിഭാഗത്തിന്റേയും പ്രത്യേക പ്രശ്നങ്ങൾ മനസിലാക്കി നിശ്ചിത സമയ പരിധിയ്ക്കുള്ളിൽ അവരെ പരമ ദരിദ്രാവസ്ഥയിൽ നിന്നും മോചിപ്പിക്കാൻ കഴിയണം. പരമദരിദ്രരില്ലാത്ത നാടായി കേരളം മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read Also: കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button