തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.വി ഗോവിന്ദൻ. വന്ദേഭാരത് സില്‍വര്‍ലൈന് ബദലല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂലധന നിക്ഷേപത്തിന് കടംവാങ്ങാം. വന്ദേഭാരത്തിൽ അപ്പവുമായി പോയാല്‍ അത് കേടാവും. അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
അതേസമയം, വന്ദേഭാരത് ട്രെയിൻ എത്തിയത് കേരളത്തിൽ ഓടുന്ന മറ്റ് ദീർഘ ദൂര ട്രെയിനുകൾക്കും നേട്ടമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വന്ദേഭാരതിന്റെ വേഗത കൂട്ടാൻ പാളം പുനഃക്രമീകരിച്ചതിലൂടെ ഒരു മണിക്കൂർ 13 മിനിറ്റ് സമയലാഭം മറ്റ് ട്രെയിനുകൾക്ക് ഉണ്ടാകും. എറണാകുളം- കോട്ടയം- കായംകുളം റൂട്ടിൽ 70 കി.മീ. വേഗ നിയന്ത്രണം 90 കി.മീ. ആക്കി ഉയർത്തി. ദീർഘദൂര ട്രെയിനുകൾക്കെല്ലാം ഇതിന്റെ മെച്ചം ലഭിക്കും.
ഷൊർണൂർ- എറണാകുളം സെക്ഷനിലെ ചില റെയിൽവേ സ്റ്റേഷനുകളിലെ ലൂപ്‌ലൈനിൽ വേഗം പത്തിൽനിന്നു 30 കി.മീ. ആയി ഉയർത്തിയതു വഴി 9 മിനിറ്റ് ലാഭിച്ചു. പ്രധാന പാളത്തിൽനിന്നു സ്റ്റേഷനിലേക്ക് തിരിഞ്ഞു കയറുന്ന പാതയാണ് ലൂപ്‌ലൈനുകൾ. കോട്ടയം- കായംകുളം റൂട്ടിൽ 21 മിനിറ്റും കായംകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ സ്റ്റേഷനുകളിൽ ലൂപ്‌ലൈനിൽ വേഗം കൂട്ടിയപ്പോൾ 27 മിനിറ്റും ലാഭിച്ചു. ലൂപ്‌ലൈനിൽ വേഗം കൂട്ടുന്നത് ദീർഘദൂര സർവീസുകൾക്കെല്ലാം ഗുണം ചെയ്യും. സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രെയിനുകൾ വേഗം കുറയ്ക്കേണ്ടിവരില്ലെന്നതാണ് ഗുണം. 30 കിലോമീറ്റർ വേഗനിയന്ത്രണമുള്ള ഭാഗങ്ങളിൽ വേഗം 60 ലേക്ക് ഉയർത്താൻ 2 കോടി രൂപ അടിയന്തരമായി അനുവദിച്ചു.
Leave a Comment