ക്ഷേമ പെൻഷനിലെ കേന്ദ്രസർക്കാർ വിഹിതം ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് അയക്കുന്നത് സിപിഎമ്മിന് തിരിച്ചടിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘ക്ഷേമ പെൻഷൻ മുഴുവൻ സിപിഎം ആപ്പീസിൽ നിന്ന് വിതരണം ചെയ്യുന്നതാണെന്ന് തെറ്റിദ്ധരിച്ച ഒരു വലിയ വിഭാഗം ജനങ്ങളുണ്ടായിരുന്നു . ആ ജനങ്ങളെയാണ് ഭീഷണിപ്പെടുത്തി പാർട്ടി സമ്മേളനങ്ങളിൽ ആളെക്കൂട്ടാൻ എത്തിച്ചിരുന്നത്’- സന്ദീപ് ചൂണ്ടിക്കാണിക്കുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ക്ഷേമ പെൻഷൻ മുഴുവൻ സിപിഎം ആപ്പീസിൽ നിന്ന് വിതരണം ചെയ്യുന്നതാണെന്ന് തെറ്റിദ്ധരിച്ച ഒരു വലിയ വിഭാഗം ജനങ്ങളുണ്ടായിരുന്നു . ആ ജനങ്ങളെയാണ് ഭീഷണിപ്പെടുത്തി പാർട്ടി സമ്മേളനങ്ങളിൽ ആളെക്കൂട്ടാൻ എത്തിച്ചിരുന്നത് . തെരഞ്ഞെടുപ്പിന്റെ തലേന്ന് ക്ഷേമപെൻഷൻ ഉപഭോക്താക്കളെ പെൻഷൻ മുടക്കുമെന്ന് ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിപ്പിക്കുന്ന പരിപാടി സിപിഎമ്മിനുണ്ടായിരുന്നു . ക്ഷേമ പെൻഷനുകളിലെ കേന്ദ്ര വിഹിതം ഇനി മുതൽ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകപ്പെടുമ്പോൾ , പെൻഷൻ തരുന്നത് പാർട്ടിയാണെന്ന അന്ധവിശ്വാസമാണ് തകരുന്നത് .
ബ്രാഞ്ച് സെക്രട്ടറിയും ഡിഫി യൂണിറ്റ് പ്രസിഡന്റുമൊക്കെ സഹകരണ ബാങ്കുകാരുടെ ഒത്താശയിൽ തറവാട്ട് മുതൽ പോലെ പാർട്ടി പരിപാടിയാക്കി മാറ്റിയ പെൻഷൻ വിതരണം ഇനി ന്യായപൂർവ്വം നടത്തേണ്ടി വരും . അതിന്റെ ഫ്രസ്‌ട്രേഷൻ ഇടത് കേന്ദ്രങ്ങളിൽ കാണാൻ തുടങ്ങിയിട്ടുമുണ്ട് .
ഇപ്പോൾ സിപിഎം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നത് കേന്ദ്ര വിഹിതം കുറവാണ് എന്ന ന്യായീകരണത്തിലൂടെയാണ് . കേരളത്തിൽ വെറും 1100 രൂപ നൽകുന്ന വിധവ പെൻഷൻ ബിജെപി ഭരിക്കുന്ന ഹരിയാനയിൽ 2750 രൂപയാണ് . അതായത് ക്ഷേമ പെൻഷനുകൾ സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ് .
രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും അത് നൽകുന്നുണ്ട് . കേന്ദ്ര വിഹിതം രാജ്യം മുഴുവൻ നൽകുന്നുമുണ്ട് .
പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടുതലാണ് എന്ന വാദം വാസ്തവത്തിൽ കേരളം കൈവരിച്ചു എന്നവകാശപ്പെടുന്ന സാമൂഹിക പുരോഗതിയെ ചോദ്യം ചെയ്യുന്നതുമാണ് . ജീവിക്കാൻ വേണ്ടി സർക്കാർ നൽകുന്ന ചെറിയ പെൻഷൻ തുക കാത്തിരിക്കേണ്ടി വരുന്നവരുടെ എണ്ണം കൂടുതലാണ് എന്നത് നമ്മുടെ സംസ്ഥാനത്തിന്റെ പിന്നോക്കവസ്ഥയെയും ഭരണ പരാജയത്തെയുമാണ് സൂചിപ്പിക്കുന്നത് .
ഇത് വരെ കേന്ദ്രം ഒന്നും തരുന്നില്ല എന്ന് പറഞ്ഞിരുന്നവർ നാളെ മുതൽ മോദി സർക്കാർ തരുന്ന പൈസ അക്കൗണ്ടിൽ വരുമെന്ന് പറയേണ്ടി വരും . പെൻഷൻ തുക കയ്യിൽ നൽകുമ്പോൾ അതിൽ നിന്നും പാർട്ടി ഫണ്ട് പിടിച്ചു പറിച്ചിരുന്നതും അവസാനിപ്പിക്കാറായി . സമ്പൂർണ അഴിമതി രഹിത പെൻഷൻ വിതരണമാണ് രാജ്യത്തെമ്പാടും നടക്കാൻ പോകുന്നത് .
കണ്ണൂരിലെ ഡിഫിക്കാർക്ക് ഒരു പുതിയ ഐഡിയ പറഞ്ഞ് തരാം . രാവിലെ കണ്ണൂരപ്പം ഉണ്ടാക്കുക , രണ്ട് കൊട്ട തലയിലേറ്റുക, ഏപ്രിൽ 24 മുതൽ മോദി സർക്കാർ നൽകുന്ന വന്ദേ ഭാരത് ട്രെയിനിൽ കയറുക , തിരുവനന്തപുരത്ത് എകെജി സെൻററിന് മുന്നിലെത്തി വിൽക്കുക , വൈകീട്ട് തിരികെ കണ്ണൂരെത്തുക . എങ്ങനേണ്ട് ഐഡിയ ?
Leave a Comment