നിലമ്പൂർ: ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം കവർന്ന സംഭവത്തിൽ അന്തര്‍ സംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ പിടിയില്‍. ആലപ്പുഴ രാമപുരം സ്വദേശി വിമൽ കുമാർ (ഉണ്ണി -32), മുതുകുളം ഗ്രാമപ്പഞ്ചായത്തിലെ ബിജെപി അംഗം കടേശ്ശേരിൽ മിഥുലേഷ് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ മൂന്നിന് ഉച്ചയോടെയാണ് സംഭവം. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കിൽ കൊണ്ടുവരുകയായിരുന്ന 26 ലക്ഷം രൂപയാണ് കാറിലെത്തിയ പ്രതികൾ കവർന്നത്. യുവാവ് സഞ്ചരിച്ച ബൈക്കിനെ പിന്തുടർന്നു വന്ന പ്രതികൾ കെഎൻജി റോഡിൽ കുണ്ടുതോട് പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ ബൈക്ക് ഇടിച്ചുവീഴ്ത്തി യുവാവിനെ ബലമായി കാറിൽ പിടിച്ചു കയറ്റുകയായിരുന്നു.
ബൈക്കിലെ രഹസ്യ അറയിൽ സൂക്ഷിച്ച പണം കവർന്ന പ്രതികൾ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചു. യുവാവിനെ കാറിൽ വച്ചു മർദിച്ച ശേഷം മൊബൈലും പേഴ്‌സും പിടിച്ചുവാങ്ങി മമ്പാട് മേപ്പാടത്ത് ഇറക്കിവിട്ടു. യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർചെയ്ത് നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
ആലപ്പുഴയിൽനിന്നു വാടകയ്ക്കെടുത്ത കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. കാർ വാടകയ്ക്കെടുത്തു കൊടുത്തതിനും സംഭവത്തിനുശേഷം പ്രതികളെ ഒളിവിൽപ്പോകാൻ സഹായിച്ചതിനുമാണ് മിഥുലേഷിനെ അറസ്റ്റ് ചെയ്തത്.
എസ്ഐമാരായ വി വിജയരാജൻ, അബ്ദുൾ അസീസ്, എഎസ്ഐ സുഭാഷ്, എസ് സിപിഒ സതീഷ് കുമാർ, ഡാൻസാഫ് അംഗങ്ങളായ എൻപി സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments