പൊടിയാടി: സ്കൂട്ടറിന്റെ താക്കോൽ ഊരാതെ ഉടമ മാറിയ തക്കത്തിൽ സ്കൂട്ടറിനുള്ളിൽ ഇരുന്ന പണവും വാഹനവുമായി മോഷ്ടാവ് കടന്നു. പൊടിയാടി ജങ്ഷനിൽ ആണ് സംഭവം. ചിറപ്പറമ്പിൽ തോമസ് എബ്രഹാമിന്റെ 1.7 ലക്ഷം രൂപയും സ്കൂട്ടറുമാണ് മോഷണം പോയത്.
സഹകരണസംഘത്തിൽ വായ്പ അടയ്ക്കാനായി കരുതിയ പണമാണ് മോഷണം പോയതെന്ന് തോമസ് പറയുന്നു. മകനെയും കൂട്ടിയാണ് ജങ്ഷനിലെ സ്വകാര്യ ബാങ്കിലെത്തിയത്. മകൻ ഇടപാടുകൾക്കായി ബാങ്കിനുള്ളിലേക്ക് പോയി. അല്പസമയം കഴിഞ്ഞിട്ടും മകനെ കാണാത്തതിനാൽ തോമസും അകത്തേക്കുപോയി. സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുക്കാതെയാണ് പോയത്. തിരികെയെത്തിയപ്പോൾ സ്കൂട്ടറില്ലായിരുന്നു.
സ്ഥലത്തെത്തിയ പോലീസ്, സമീപത്തെ സിസിടിവികൾ പരിശോധിച്ചു. വേറൊരാൾ സ്കൂട്ടർ ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി പുളിക്കീഴ് പോലീസ് അറിയിച്ചു.
Post Your Comments