തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ കോട്ടൺ തുണി കുടുങ്ങി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിൽ ആണ് ഗുരുതരമായ അനാസ്ഥ ഉണ്ടായത്. തുണി കുടുങ്ങിയതിനാൽ എട്ട് മാസത്തിന് ശേഷമാണ് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തുണി കണ്ടെത്തിയത്. ഒടുവില്‍ മണിക്കൂറുകൾ നീണ്ട തുറന്ന ശസ്ത്രക്രിയക്ക് ശേഷം തുണി പുറത്തെടുത്തു.
നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജാ അഗസ്റ്റിന്റെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.
കഴിഞ്ഞവർഷം ജൂലായ് 26-നാണ് പ്രസവം നടന്നത്. ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന തുണി ഗർഭപാത്രത്തിൽ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേർക്കുകയായിരുന്നു. ആറ് ദിവസത്തിനുശേഷം വീട്ടിലേക്ക് പോയി.
എന്നാൽ വീട്ടിലെത്തിയതോടെ ഇവർക്ക് സ്ഥിരം ആരോഗ്യപ്രശ്നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് എന്നിവ തുടർന്നതിനാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാൽ, ഗർഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകൾ കഴിച്ചാൽ ശരിയാകുമെന്നായിരുന്നു മറുപടി.
പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വിദഗ്ധ ചികിത്സതേടി. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് ഗർഭപാത്രത്തിൽ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്.
Post Your Comments