ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് എത്തി. നിലവില്‍ രോഗികളുടെ എണ്ണം ഉയരുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളതെന്ന് ഐഎംഎ വ്യക്തമാക്കി.
കൊറോണ വ്യാപനമുള്ളപ്പോള്‍ നേരത്തെ സ്വീകരിച്ചിരുന്ന മുന്‍കരുതലുകളും പെരുമാറ്റ രീതികളും ഇപ്പോള്‍ അവലംബിക്കുന്നില്ല എന്നുള്ളതാണ് കേസുകള്‍ വര്‍ധിച്ചതിന്റെ ഒരു കാരണമായി ഐഎംഎ വിലയിരുത്തുന്നത്. മാസ്‌കുകള്‍ ഉപയോഗിക്കുന്ന ശീലം പാടെ ഒഴിവാക്കിയത് ഇതിനൊരുദാഹരണമാണ്. കൂടാതെ കൊറോണ പരിശോധനയുടെ നിരക്കും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഒപ്പം പുതിയ കൊവിഡ് വകഭേദത്തിന്റെ ആവിര്‍ഭാവവും വ്യാപനവുമാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നും ഐഎംഎ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറായിരത്തിനടുത്ത് കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. 5,880 പ്രതിദിന കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ സജീവ കേസുകള്‍ 35,000-ത്തിന് മുകളിലാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവുമായി. ഈ സാഹചര്യത്തില്‍ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Leave a Comment