പാറ്റൂർ ഗുണ്ടാ ആക്രമണ കേസിലെ പ്രതിയായ വിവേകിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പാറ്റൂരിൽ കാർ തടഞ്ഞ് നിർത്തി നാല് പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് വിവേക്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചാണ് വിവേകിന്റെ ഹർജി തള്ളിയത്. അതേസമയം, വിവേക് പോലീസിന്റെ മുന്നിൽ സ്വമേധയാ കീഴടങ്ങുകയാണെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
പാറ്റൂർ കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ്, വിവേക് എന്നിവർ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, എഫ്ഐആറിൽ വിവേകിന്റെ പേര് ഉൾപ്പെടുത്താതെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് വിവേകിന്റെ അഭിഭാഷകൻ ശ്രീറാം പറക്കാട്, എം.എസ് വിഷ്ണുശങ്കർ, റോഷൻ എന്നിവർ വാദിച്ചു. കൂടാതെ, വിവേക് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും അഭിഭാഷകർ കൂടിച്ചേർത്തു.
Also Read: കഞ്ചാവ് വേട്ട: അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
2023 ജനുവരി 9-നാണ് പാറ്റൂർ പെട്രോൾ പമ്പിന് സമീപം ആക്രമണം നടന്നത്. പുലർച്ചെ നടന്ന ആക്രമണത്തിൽ പുത്രി കൺസ്ട്രക്ഷൻ കമ്പനി ഉടമ നിതിൻ, സുഹൃത്തുക്കൾ ആയ ആദിത്യ, പ്രവീൺ, ടിന്റു ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം.
Post Your Comments