ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റോഫീസ് അക്കൗണ്ടിൽ അടയ്ക്കാതെ തിരിമറി നടത്തിയ വനിതാ പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ.
21 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിലെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡ് പാമ്പുംതറയിൽ വീട്ടിൽ അമിതാനാഥിനെ (29)യാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്ന്, അഞ്ച് വർഷ കാലാവധിയുള്ള വിവിധ നിക്ഷേപ പദ്ധതികളിൽ അടച്ച തുകയിലാണ് ക്രമക്കേട് നടത്തിയത്. നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതിനൽകിയും പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്.
ഇടപാടിനുള്ള റൂറൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ആർഐസിടി) യന്ത്രംവഴി പണമടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു കൊടുക്കുകയായിരുന്നു പതിവ്. നിക്ഷേപകരെ കബളിപ്പിച്ചശേഷം പണം കൈക്കലാക്കി സ്വന്തം ആവശ്യങ്ങൾക്കും ആർഭാട ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റുമാസ്റ്റർ ജനറലിന്റെ പരാതിയെത്തുടർന്നാണ് ഇവർക്കെതിരേ കേസെടുത്തത്. ഇവര്‍ക്കെതിരെ പത്തോളം പരാതികൾ പോസ്റ്റുമാസ്റ്റർ ജനറലിന് കിട്ടിയിരുന്നു. ഒരു മാസം മുൻപ് ആദ്യം പരാതിയുണ്ടായപ്പോൾ പണം മടക്കി നൽകി പരിഹരിച്ചു. തട്ടിപ്പിനിരയായവരിൽ കൂടുതലും മത്സ്യത്തൊഴിലാളികളാണ്.
മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ അമിതാനാഥിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.
കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷണം നടന്നുവരുകയാണ്. മാരാരിക്കുളം പോലീസ് ഇൻസ്പെക്ടർ എവി ബിജു, എസ്ഐമാരായ ഇഎം സജീർ, ജാക്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലതി, മഞ്ജുള എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments