MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് ഫാത്തിമയെ ഭർത്താവ് റഫീഖ് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിന്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറം ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടര്‍ന്നെന്ന് മൊഴി. സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും ഏകമകള്‍ ഫാത്തിമ ഫഹ്നയാണ് (30) കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഏലംകുളത്തെ സ്വന്തം വീട്ടില്‍ ഭര്‍ത്താവിനും നാലുവയസുകാരി മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഫഹ്ന. ഭാര്യ ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതി പരപുരുഷ ബന്ധം ആരോപിച്ച് കൊലപ്പെടുത്തുകയായിരുന്നു. അര്‍ദ്ധരാത്രിയോടെ മുറിയില്‍ നിന്ന് ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. മുറിയില്‍ നോക്കിയപ്പോള്‍ ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലും കണ്ടു.

ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രതിക്കെതിരെ കോഴിക്കോട് ജില്ലയില്‍ കളവിനും കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ എ.ടി.എം. തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസുകള്‍ നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button