ന്യൂയോർക്ക്: കോവിഡ് മനുഷ്യരിലേക്കെത്തിയത് സംബന്ധിച്ച് ചൈനീസ് ഗവേഷകരുടെ പഠന റിപ്പോർട്ട് പുറത്ത്. ആദ്യമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച വുഹാനിലുള്ള ഹുനാൻ സീഫുഡ് മാർക്കറ്റിൽ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോർട്ടാണ് നേച്ചർ ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചത്. കോവിഡ് വൈറസ് മനുഷ്യ നിർമ്മിതമെന്ന വാദത്തെ തള്ളുന്നതാണ് ചൈനയുടെ റിപ്പോർട്ട്.
നേച്ചർ ശാസ്ത്രജേണലിൽ റിസർച് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
932 സാംപിളുകൾ മാർക്കറ്റിലെ സ്റ്റാളുകൾ, കൂടുകൾ, യന്ത്രഭാഗങ്ങൾ തുടങ്ങിയവയിൽ നിന്ന് ഗവേഷകർ ശേഖരിച്ചു. ഇതു കൂടാതെ 18 ഇനം മൃഗങ്ങളിൽ നിന്നുള്ള 457 സാംപിളുകളും ശേഖരിച്ചു. ഈ പ്രവർത്തനങ്ങൾ 2020 ജനുവരിയിലാണു നടന്നത്. മൃഗങ്ങളിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ കോവിഡ് ബാധ കണ്ടെത്തിയിട്ടില്ല.
ഹുനാൻ സീഫുഡ് മാർക്കറ്റിന്റെ പരിസരത്തു നിന്ന് ശേഖരിച്ച സാംപിളുകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവയിൽ വന്യമൃഗങ്ങളുടെ ജനിതകാംശമുണ്ട്. വന്യമൃഗങ്ങളിൽ നിന്നാണ് കോവിഡ് മനുഷ്യരിലേക്കെത്തിയതെന്ന വാദത്തെ ഇതു ബലപ്പെടുത്തുന്നതാണെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിൽ ഉറപ്പില്ലെന്നും വൈറസ് ബാധിതനായ ഒരാൾ ഈ മൃഗങ്ങളെ മാർക്കറ്റിൽ എത്തിച്ചാലും ഇപ്രകാരം സംഭവിക്കാനിടയുണ്ടെന്നും മറുവാദവുമുണ്ട്.
അതേസമയം, പുതിയ ഗവേഷണ റിപ്പോർട്ട് പലരീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വുഹാനിലെ ചൈനയുടെ ജൈവപരീക്ഷണശാലയിൽ നിന്നാണ് കോവിഡ് പുറത്തുചാടിയതെന്ന വാദം കുറെക്കാലമായി പ്രബലമാണ്. എഫ്ബിഐ, യുഎസ് ഊർജമന്ത്രാലയം തുടങ്ങിയവർ ഈ സിദ്ധാന്തത്തെ പിന്താങ്ങുന്നു. ഈ ആരോപണത്തിനു തടയിടാനായുള്ള ചൈനീസ് ശ്രമമായി ചിലർ റിപ്പോർട്ടിനെ കാണുന്നു. ഇതു പ്രസിദ്ധീകരിക്കാൻ 3 വർഷം സമയമെടുത്തതും വിമർശനത്തിനു വഴിവച്ചിട്ടുണ്ട്.
കോവിഡ് ഉദ്ഭവത്തെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാൻ ചൈന കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ജനീവയിൽ ആവശ്യപ്പെട്ടു.
Post Your Comments