സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽ മഴയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തുടനീളം അനുഭവപ്പെട്ട മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ വ്യാപക നാശമാണ് ഉണ്ടായിട്ടുള്ളത്. തെക്കൻ കേരളത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ പെയ്ത കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ രണ്ട് മരണങ്ങളാണ് സംഭവിച്ചത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലും, ആവണീശ്വരത്തിനും ഇടയിൽ ട്രാക്കിൽ മരങ്ങൾ വീണതിനെത്തുടർന്ന് റെയിൽവേ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലത്തുനിന്ന് പുനലൂരിലേക്കും തിരിച്ചും പോകേണ്ടിയിരുന്ന മെമു ട്രെയിൻ റദ്ദ് ചെയ്യുകയും, ഗുരുവായൂർ, മധുര തുടങ്ങിയിടങ്ങളിലേക്ക് പോകേണ്ട ട്രെയിനുകൾ പുനലൂരിൽ പിടിച്ചിടുകയുമായിരുന്നു. ട്രാക്കിൽ നിന്നും മരങ്ങൾ പൂർണമായും മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Post Your Comments