KeralaLatest NewsNews

കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസുകൾ വർധിക്കുന്നത് മുന്നിൽ കണ്ടുള്ള സർജ് പ്ലാനുകൾ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആർസിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികൾ എന്നിവർ കോവിഡ് രോഗികൾക്കായി പ്രത്യേകം കിടക്കകൾ മാറ്റിവയ്ക്കണം. ആവശ്യകത മുന്നിൽ കണ്ട് പരിശോധനാ കിറ്റുകൾ, സുരക്ഷാ സാമഗ്രികൾ എന്നിവ സജ്ജമാക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷൻ വാർഡുകളിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതാണ്. പൂർത്തിയാക്കാനുള്ള ഐസൊലേഷൻ വാർഡുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനും മന്ത്രി നിർദേശം നൽകി.

Read Also: മനസില്‍ ആത്മഹത്യ ചിന്തകളുണ്ടായപ്പോള്‍ വൈകാരികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധി: ദിവ്യ സ്പന്ദന

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരും, ഗർഭിണികളും, പ്രായമായവരും, കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിനിടെ 20 കോവിഡ് മരണം ഉണ്ടായിട്ടുള്ളതിൽ 60 വയസിന് മുകളിൽ പ്രായമുള്ളവരാണ് അധികവും. ഐസിയുവിൽ ചികിത്സയിലുള്ളവരിലധികവും പ്രായമുള്ളവരാണ്. അവരിൽ പ്രമേഹവും, രക്താതിമർദവും തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവരാണ് അധികവും. പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും മാസ്‌ക് കൃത്യമായി ധരിക്കണം. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഫെബ്രുവരിയിൽ കേസുകൾ തീരെ കുറവായിരുന്നു. എന്നാൽ മാർച്ചോടെ നേരിയ വർധനവുണ്ടായി. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതിൽ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വർധിപ്പിക്കാനും മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read Also: ‘ഒളിച്ചോടിയ ആളല്ല, വൈകാതെ ലോകത്തിനു മുന്നില്‍ എത്തും’: സര്‍ക്കാരിനെ ഭയപ്പെടുന്നില്ലെന്ന് വീഡിയോയുമായി അമൃത്പാല്‍ സിങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button