വടകര: പ്ലസ് ടു വിദ്യാർത്ഥിനിക്ക് നിരന്തരം അശ്ളീല സന്ദേശങ്ങൾ അയച്ച സ്കൂൾ പ്രിൻസിപ്പൽ പോസ്കോ നിയമപ്രകാരം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വടകര മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണൻ (53) നെയാണ് ചോമ്പാല സി ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ നമ്പർ കൈക്കലാക്കിയ ഇയാൾ ബുദ്ധിപൂർവ്വം അടുക്കുകയായിരുന്നു.
പ്രിൻസിപ്പൽ ആയതുകൊണ്ട് തന്നെ പെൺകുട്ടിക്ക് ആദ്യമൊന്നും സംശയം തോന്നിയില്ല. തന്റെ മകൾ പി.ജിയ്ക്കും മകൻ എസ്എസ്എൽസിക്കും പഠിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണൻ പെൺകുട്ടിയുമായി ചാറ്റ് ആരംഭിച്ചത്. പതുക്കെ ഇയാൾ പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. നമ്മൾ സംസാരിക്കുന്നത് ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു. പരീക്ഷയ്ക്കിടെ തനിച്ച് മുറിയിൽ എത്തി കാണാൻ ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
എന്നാൽ പെൺകുട്ടി മുറിയിൽ പോയില്ല. ഇതോടെ എന്താണ് റൂമിലേക്ക് വരാതിരുന്നതെന്ന് ഇയാൾ പിന്നീട് മെസേജ് അയച്ച് ചോദിക്കുന്നുണ്ട്. കോപ്പി അടിച്ചെന്ന് റിപ്പോർട്ട് ചെയ്യട്ടേ എന്ന ഭീഷണിയുടെ സ്വരവും ഇയാൾ പെൺകുട്ടിയോട് കാണിച്ചു. കുട്ടിയ്ക്ക് നല്ല ക്ഷീണമുണ്ടെന്നും തന്നെ കണ്ടാൽ പരിഹാരം കിട്ടുമെന്നും ഇയാൾ സന്ദേശത്തിൽ പറയുന്നു.
നിരന്തരം മാനഹാനിയുണ്ടാക്കുന്ന അശ്ലീല വാട്സ് ആപ്പ് സന്ദേശമയച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി പരാതിയുമായി തിങ്കളാഴ്ച്ച സ്കൂളിലെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് വിദ്യാർത്ഥികളുൾപെടെയുള്ളവർ സ്കൂളിലും പുറത്തും സംഘടിച്ചത് സംഘർഷത്തിനിടയാക്കുകയും ചോമ്പാല പൊലീസ് സ്കൂളിലെത്തി പ്രിൻസിപ്പാളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments