പുതിയതായി രൂപം കൊണ്ട ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായമെന്ന പദവി നൽകാനാകില്ലെന്ന് കേരളസർക്കാർ. സർക്കാർ രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറി കമ്മീഷന്റേതാണ് തീരുമാനം. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നീ കമ്മ്യൂണിറ്റികളിൽ നിന്ന് മതംമാറിയവരാണ് ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളിലേറെയുമെന്ന് കേരളാ സ്റ്റേറ്റ് കമ്മീഷൻ ഫോർ ഇക്കണോമിക്കലി ബാക്ക്‌വേർഡ് ക്ലാസസ് എമങ്ങ് ഫോർവാർഡ് കമ്യൂണിറ്റീസ് (Kerala State Commission for Economically Backward Classes among Forward Communities) വ്യക്തമാക്കുന്നു.എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെടാത്ത സമുദായങ്ങളെ മുന്നാക്ക സമുദായങ്ങൾ എന്ന് വിളിക്കാമെന്നാണ് സർക്കാർ പറയുന്നത്.
‘പള്ളി തർക്കങ്ങൾ നടക്കുന്ന സമയമാണിത്. പലരും പുതിയ പ്രാർത്ഥനാ ഗ്രൂപ്പുകളും സഭകളും രൂപീകരിക്കുന്നു. തങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം മുന്നാക്ക ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്നുള്ളവരാണെന്നു പറഞ്ഞ് ഇവർ രംഗത്തെത്തുകയും ചെയ്യുന്നു. മുന്നാക്ക സമുദായ പദവി ലഭിക്കാനാണ് അവരുടെ ഇപ്പോഴത്തെ നീക്കം’, കമ്മീഷൻ ചെയർമാനും റിട്ടയേർഡ് ജസ്റ്റിസുമായ സി എൻ രാമചന്ദ്രൻ നായർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
‘മുന്നാക്ക സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് മാത്രമേ അംഗത്വം പാടുള്ളൂ എന്ന വ്യവസ്ഥ അംഗീകരിക്കുന്ന ഗ്രൂപ്പുകളുടെ അഭ്യർത്ഥന മാത്രമേ ഞങ്ങൾ അംഗീകരിക്കൂ. എസ്‌സി, എസ്‌ടി, തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് മതം മാറിയെത്തിയവർക്ക് അംഗത്വം നൽകുന്നവരെ മുന്നാക്ക സമുദായമായി കാണാൻ കഴിയില്ല’, – ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കൂട്ടിച്ചേർത്തു.
മുന്നാക്ക സമുദായ പദവി ലഭിക്കാനുള്ള കമ്മ്യൂണിറ്റികളുടെ അഭ്യർത്ഥനകൾ അവലോകനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്മീഷനാണ്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, സാമ്പത്തികമായുള്ള ദുർബല വിഭാഗങ്ങൾ (ഇഡബ്ല്യുഎസ്) എന്നും അറിയപ്പെടുന്നു. ഇവർക്ക് 2020 മുതൽ സംസ്ഥാനത്ത് 10 ശതമാനം സംവരണം നീക്കിവച്ചിട്ടുണ്ട്. അതിനു ശേഷം മുന്നാക്ക സമുദായ പദവി ലഭിക്കാൻ പലരും മുന്നോട്ടു വരുന്നുണ്ട്. എന്നാൽ എസ്‌സി, എസ്ടി, ഒബിസി അംഗങ്ങളെ തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകളുടെ അപേക്ഷകൾ അംഗീകരിക്കേണ്ടതില്ലെന്നാണ് കമ്മീഷന്റെ തീരുമാനം.
Post Your Comments