മദ്യലഹരിയിൽ സ്വന്തം മലദ്വാരത്തിൽ വെള്ളം കുടിക്കുന്ന ഗ്ലാസ് തിരുകിക്കയറ്റിയ 47കാരന് അനുഭവിക്കേണ്ടി വന്നത് മൂന്ന് ദിവസത്തെ അതികാടിന വേദന. ഗ്ലാസ് സ്വയം പുറത്തെടുക്കാൻ നോക്കി പരാജയപ്പെട്ടതോടെയാണ് ആശുപത്രിയിൽ പോയത്. ഒടുവിൽ ആശുപത്രിയിലെത്തിച്ച ഇയാളുടെ കുടലിൽ നടത്തിയ ശസ്ത്രക്രിയ വഴിയാണ് ഗ്ലാസ് പുറത്തെടുക്കാൻ കഴിഞ്ഞത്.
നേപ്പാളിലാണ് സംഭവം. മൂന്ന് ദിവസമായി ഉള്ളിൽ കുടുങ്ങിയ ഗ്ലാസുമായി ഗുരുതരാവസ്ഥയിലാണ് മധ്യവയസ്കൻ എത്തിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അബദ്ധത്തിലാണ് ഗ്ലാസ് ഉള്ളിൽ കുടുങ്ങിയത് എന്നായിരുന്നു ആദ്യം ഇയാൾ ഡോക്ടർമാരോടു പറഞ്ഞത്. എന്നാൽ വിശദമായി ചോദിച്ചറിഞ്ഞതോടെ ഇയാൾ സത്യം വെളിപ്പെടുത്തി. ലൈംഗികസുഖത്തിനായി ഗ്ലാസ് ഗുഹ്യഭാഗത്ത് തിരുകിക്കയറ്റുകയായിരുന്നു എന്ന് ഇയാൾ വ്യക്തമാക്കിയെന്ന് നേപ്പാൾ മെഡിക്കൽ സെൻ്റർ ജേണൽ വ്യക്തമാക്കി.
രണ്ട് ദിവസമായി മലശോധന നടക്കാതെ വന്ന് ബുദ്ധിമുട്ടിലായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തുമ്പോഴും മലദ്വാരത്തിലൂടെ കീഴ്ശ്വാസം പോകുന്ന അവസ്ഥയിലായിരുന്നു രോഗി എന്നാണ് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നത്. രക്തസ്രാവമോ മുറിവുകളോ ഇല്ലായിരുന്നെങ്കിലും അസഹ്യമായി വേദന ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു.രോഗിയുടെ എക്സ്-റെ എടുത്ത് ഗ്ലാസിൻ്റെ സ്ഥാനം മനസ്സിലാക്കിയ ഡോക്ടർമാർ മലദ്വാരം വഴി തന്നെ പുറത്തെടുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്.
എന്നാൽ ഗ്ലാസ് തലകീഴായാണ് നിന്നിരുന്നത് എന്നതിനാൽ ഗ്ലാസിൽ പിടുത്തം കിട്ടിയില്ല. ഇതോടെ വയർ തുറന്നുള്ള എക്സ്പ്ലോറേറ്ററി ലാപ്പറോറ്റമി ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. വൻകുടലിൽ ഗ്ലാസ് കുടുങ്ങിയ ഭാഗം കണ്ടെത്തി മുകളിൽ നിന്ന് സമ്മർദ്ദം ചെലുത്തി ഗ്ലാസ് പുറത്തെടുക്കാനും ഈ ഘട്ടത്തിൽ ഡോക്ടർമാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഗ്ലാസ് കുടലിൽ ഏറെ മുകളിലേയ്ക്ക് നീങ്ങിയിരുന്നുവെന്നും കൂടാതെ വളരെ ഇറുകിയ നിലയിലായിരുന്നു എന്നും ഡോക്ടർമാർ ജേണലിൽ ചൂണ്ടിക്കാട്ടി. തുടർന്ന് വൻകുടൽ ശസ്ത്രക്രിയ വഴി തുറന്ന് ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു.
Post Your Comments