സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ടതും അവബോധത്തിലായിരിക്കേണ്ടതുമായ പല വിഷയങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമാണ് സ്ത്രീകളുടെ പ്രത്യുത്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങള്‍. അത്തരമൊരു പ്രശ്നത്തെ കുറിച്ചാണിനി വിശദീകരിക്കുന്നത്.
സ്ത്രീകള്‍ ഗര്‍ഭധാരണത്തിന് താല്‍പര്യപ്പെടുന്നുവെങ്കില്‍ അത് വൈകിക്കരുതെന്ന് ആരോഗ്യവിദഗ്ധരടക്കം ഏവരും ഉപദേശിക്കാറുണ്ട്. പലപ്പോഴും ഈ കരുതല്‍ അവിവാഹിതരായ യുവതികളെയും, അമ്മമാരാകാത്ത സ്ത്രീകളെയും അസ്വസ്ഥതപ്പെടുത്താറുമുണ്ട്. എന്നാല്‍ ഗര്‍ഭധാരണവുമായും പ്രത്യുത്പാദന വ്യവസ്ഥയുമായും ബന്ധപ്പെട്ട പല സങ്കീര്‍ണതകളെയും ചെറുക്കുന്നതിനാണ് സത്യത്തില്‍ ഈ ഉപദേശം മുന്നോട്ട് വയ്ക്കുന്നത് തന്നെ.
ഒന്ന് വൈകിയുള്ള ഗര്‍ഭധാരണം, ഗര്‍ഭധാരണസമയത്തും പ്രസവത്തിലും കുഞ്ഞിന്‍റെ ആരോഗ്യകാര്യത്തിലുമെല്ലാം പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ എല്ലാ കേസുകളിലും ഇങ്ങനെ സംഭവിക്കും എന്നല്ല, മറിച്ച് സാധ്യത കൂട്ടുമെന്ന് മാത്രം.
രണ്ട്, ‘ഫൈബ്രോയിഡ്സ്’ അഥവാ ക്യാൻസറസ് അല്ലാത്ത മുഴകള്‍ ഗര്‍ഭപാത്രത്തിനകത്തോ പരിസരങ്ങളിലോ ഉണ്ടാകുന്നതിനും വൈകിയുള്ള ഗര്‍ഭധാരണം സാധ്യതയൊരുക്കാം. ഈ ‘നോണ്‍- ക്യാൻസറസ് മുഴ’കളെ കുറിച്ചാണിനി പറയുന്നത്.
ഫൈബ്രോയിഡുകളെ തീര്‍ത്തും നിസാരമായി കണക്കാക്കാൻ സാധിക്കില്ല. ജനിതകമായ കാരണങ്ങള്‍ കൊണ്ടോ, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൊണ്ടോ, പ്രായം ഏറുന്നത് മൂലമോ, അമിതവണ്ണമോ എല്ലാം ഫൈബ്രോയിഡ്സ് ഉണ്ടാകുന്നതിലേക്ക് നയിക്കാം. വൈകിയുള്ള ഗര്‍ഭധാരണം ഇതിലൊരു കാരണമാണെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ.
ഈ ഫൈബ്രോയിഡുകള്‍ സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂട്ടുകയും, ഗര്‍ഭധാരണം- പ്രസവം എന്നിവയുമായി ബന്ധപ്പെട്ട് സങ്കീര്‍ണതകള്‍ തീര്‍ക്കുകയും, ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ വരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. അതിനാല്‍ തന്നെ ഫൈബ്രോയിഡ്സ് വരാനുള്ള സാധ്യതകള്‍ പ്രതിരോധിക്കുകയോ, ഇവ കണ്ടെത്തിയാല്‍ സമയബന്ധിതമായി ചികിത്സ തേടുകയോ വേണം.
Post Your Comments