കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മത്സ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. ചമ്പക്കര പെരിക്കാട് മാപ്പുഞ്ചേരി വീട്ടിൽ മിലൻ ജോസഫാണ് (29) പിടിയിലായത്. ടൗൺ നോർത്ത് എക്സൈസ് ആണ് പിടികൂടിയത്.
ഇടപ്പള്ളി, കൂനംതൈ ഭാഗങ്ങളിൽ മത്സ്യങ്ങൾ എത്തിച്ച് നല്‍കുന്നതിന്റെ മറവിൽ വൈകീട്ട് രാസലഹരി വിൽപന നടത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് വേണ്ടിയുള്ള നിരീക്ഷണം ശക്തമാക്കിയത്. ഉപഭോക്താക്കളുടെ ഇടയിൽ ഇയാൾ ചൂണ്ട സുനി എന്നാണ് അറിയപ്പെട്ടിരുന്നത്. വിൽപനക്കായി ചെറുപൊതികളിൽ സൂക്ഷിച്ചിരുന്ന 2.210 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിൽനിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. മത്സ്യവിൽപന കുറഞ്ഞപ്പോഴാണ് മയക്കുമരുന്ന് വിൽപനയിലേക്ക് തിരിഞ്ഞതെന്ന് ഇയാൾ മൊഴിനൽകി.
ഇടപ്പള്ളി ഓവര്‍ബ്രിഡ്ജിന് സമീപം മയക്കുമരുന്ന് കൈമാറാൻ ആവശ്യക്കാരെ കാത്തുനില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളയുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ മയക്കുമരുന്ന് അടങ്ങിയ പാക്കറ്റുകള്‍ ഇയാള്‍ വിഴുങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments