
തിരുവനന്തപുരം: ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ തെറ്റുകളും വാക്കുകളിലെ അര്‍ത്ഥ വ്യത്യാസവും ട്രോളര്‍മാര്‍ കണ്ടെത്തിയതോടെ, പിന്നെ ട്രോളുകളുടെ പ്രവാഹമായിരുന്നു. ഇംഗ്ലീഷില്‍ കുറിച്ച പോസ്റ്റില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വിമര്‍ശനം. അതിനു പിന്നാലെ അന്തരിച്ച പൗവ്വത്തില്‍ പിതാവിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് മലയാളത്തില്‍ എഴുതിയ പോസ്റ്റിലും വ്യാകരണ പിശകുകള്‍ വരുത്തിയതോടെ ചിന്തയുടെ പഴയ പോസ്റ്റുകളടക്കം ട്രോളന്മാര്‍ കുത്തിപ്പൊക്കി. ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ.
സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ ചിലര്‍ ശ്രമിക്കുന്നവെന്ന് ചിന്താ ജെറോം ആരോപിച്ചു. ‘വരികള്‍ക്കിടയിലൂടെ വായിച്ചിട്ട് അതിനെയങ്ങ് വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടത്. ഇത്രയധികം പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ വിയോഗം, ആ ദു:ഖത്തില്‍ വിശ്വാസികളും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളും നില്‍ക്കുന്ന ഒരു ഘട്ടത്തിലാണ് വിമര്‍ശനം. അതിനെപ്പോലും വരികള്‍ക്കിടയിലൂടെ വായിക്കുകയാണ്. എന്നോട് വ്യക്തിപരമായി ദേഷ്യവും വ്യത്യസ്ത നിലപാടുകളും ഉള്ളവര്‍ ഉണ്ടായിരിക്കാം. എന്നാല്‍, അതിനുവേണ്ടി ഇത്തരം സംഭവങ്ങളെ വളച്ചൊടിച്ച് ഉപയോഗിക്കുന്നു എന്നുള്ളത് വളരെ ദൗര്‍ഭാഗ്യകരമായിട്ടുള്ള കാര്യമാണ്. കുറച്ചുകൂടെ കഴമ്പുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നന്നാവും എന്നാണ് എനിക്ക് പറയാനുള്ളത്. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍. വിമര്‍ശനങ്ങള്‍ തിരുത്താന്‍ വേണ്ടിയാകണം, ട്രോളുണ്ടാക്കാന്‍ വേണ്ടിയാകരുത്’, എന്ന് ചിന്താ ജെറോം പറഞ്ഞു.
Post Your Comments