തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഏപ്രിൽ ഒന്നിന് വൈക്കത്ത് ഉദ്ഘാടനം ചെയ്യും. 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് 2023 ഏപ്രിൽ ഒന്നിന് വൈക്കത്ത് തിരി തെളിയും. സംസ്ഥാനസർക്കാർ ഏപ്രിൽ ഒന്നു മുതൽ 2025 നവംബർ 23 വരെ 603 ദിവസത്തെ വ്യത്യസ്ത ആഘോഷ പരിപാടികൾക്കാണ് രൂപം നൽകിയിട്ടുള്ളത്.
Read Also: വന്യജീവി ആക്രമണം: ഹോട്ട്‌സ്‌പോട്ടുകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചതായി വനംമന്ത്രി
സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചു നൽകിയ കത്ത് സാംസ്‌കാരിക മന്ത്രി, തമിഴ്നാട് മുഖ്യമന്ത്രിക്കു കൈമാറി. ക്ഷണം സ്വീകരിക്കുന്നതായും കേരളത്തിൽ ഒരു ദിവസം ചെലവഴിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയിൽ സ്റ്റാലിൻ അറിയിച്ചു. വൈക്കത്ത് പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരക വിപുലീകരണം, കേരള തമിഴ്നാട് സാംസ്‌കാരികവിനിമയ പദ്ധതി തുടങ്ങിയവ സംബന്ധിച്ച നിവേദനങ്ങൾ മന്ത്രി സജി ചെറിയാൻ എം കെ സ്റ്റാലിന് നൽകി. രണ്ടു കാര്യങ്ങളിലും അനുഭാവപൂർണ്ണമായ സമീപനം അദ്ദേഹം ഉറപ്പു നൽകി. മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ ടി.ആർ ബാലു എം.പിയും ചർച്ചകളിൽ പങ്കെടുത്തു. സാംസ്‌കാരിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കൻ, ചെന്നൈയിലെ നോർക്കയുടെ ഡവലപ്മെന്റ് ഓഫീസർ അനു പി ചാക്കോ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
Read Also: ഇ-ടെൻഡർ സംവിധാനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളത്തിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക പുരസ്കാരം
Post Your Comments