KeralaLatest NewsNews

വന്യജീവി ആക്രമണം: ഹോട്ട്‌സ്‌പോട്ടുകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചതായി വനംമന്ത്രി

തിരുവനന്തപുരം: വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചുകൊണ്ട് അഞ്ച് വനം സർക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചു. വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്‌നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ച് കഴിഞ്ഞ ഡിസംബറിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നോഡൽ ഓഫീസർമാരാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇപ്പോൾ സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ചത്.

Read Also: ഓട്ടോമൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്താൻ സഹായിക്കും: പി എ മുഹമ്മദ് റിയാസ്

നോർത്തേൺ സർക്കിളിന് കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുൽപ്പള്ളി, നോർത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസർഗോഡ് ഡിവിഷനിലെ പാണ്ടി എന്നീ ഹോട്ട് സ്‌പോട്ടുകളിലാണ് പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുള്ളത്.

ഈസ്റ്റേൺ സർക്കിളിന് കീഴിൽ നിലമ്പൂർ നോർത്ത് ഡിവിഷനിലെ ഇടക്കോട്, മണ്ണാർക്കാട് ഡിവിഷനിലെ പുതൂർ പ്രദേശം, പാലക്കാട് ഡിവിഷനിലെ വാളയാർ എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകൾ. സെൻട്രൽ സർക്കിളിന് കീഴിൽ തൃശൂർ ഡിവിഷനിലെ വാഴാനി, പട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി പ്രദേശം, മലയാറ്റൂർ ഡിവിഷനിലെ മണികണ്ഠൻചാൽ, വാടാട്ടുപാറ, കണ്ണിമംഗലം, വാവേലി എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകൾ. ഹൈറേഞ്ച് സർക്കിളിന് കീഴിൽ മൂന്നാർ, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലാണ് ടീം പ്രവർത്തിക്കുക.

സതേൺ സർക്കിളിൽ തിരുവനന്തപുരം ഡിവിഷനിലെ പാലോട്, തെന്മല ഡിവിഷനിലെ ആര്യങ്കാവ്, റാന്നി ഡിവിഷനിലെ തണ്ണിത്തോട് എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ചത്. ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങൾ ആസ്ഥാനമാണെങ്കിലും വന്യജീവി ആക്രമണം ഉണ്ടാകുന്ന സമീപ പ്രദേശത്തെ എല്ലാ മേഖലകളിലും സംഘം പ്രവർത്തിക്കുന്നതാണ്. പ്രത്യേക സംഘത്തിൽ ഡിഎഫ്ഒ ആയിരിക്കും ടീം ലീഡർ. വൈൽഡ് ലൈഫ് വാർഡൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ എന്നിവർ അംഗങ്ങളാണ്.

വൈൽഡ് ലൈഫ് വിഭാഗത്തിന് പുറമെ സോഷ്യൽ ഫോറസ്ട്രിയിലെയും ടെറിട്ടോറിയൽ വിഭാഗത്തിലെയും ജീവനക്കാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ടീം രൂപീകരിച്ചിട്ടുള്ളത്. വന്യജീവി ആക്രമണം നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മറ്റു വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി കൂടുതൽ അംഗങ്ങളുള്ള ടീം രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

Read Also: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button