കാക്കനാട്: പിഎസ്സി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ. കേസിലെ മുഖ്യസൂത്രധാരനായ തിരുവനന്തപുരം കരമന സരസ മന്ദിരത്തിൽ ഗോപകുമാരൻ തമ്പി(52)യെയാണ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്ക് പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
2015-ൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ അസി. മോട്ടോർ വെഹിക്കിൾ തസ്തികയിലേക്കുള്ള പരീക്ഷ പാസായ ശരത്ത് എന്ന യുവാവാണ് തട്ടിപ്പിനിരയായത്. വൈദ്യ പരിശോധനയിൽ അയോഗ്യനായ ശരത്തിന് ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി ഗോപകുമാരൻ തമ്പിയും കൂട്ടാളികളും പല തവണകളായി 5,75,000 രൂപ കൈക്കലാക്കുകയായിരുന്നു. ഇതുവരെ ജോലി ശരിയാകാത്തതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഗോപകുമാരൻ തമ്പിയെ പിഎസ്സി ഉദ്യോഗസ്ഥൻ ആണെന്നു പറഞ്ഞാണ് കേസിലെ മറ്റൊരു പ്രതി സുരേഷ്കുമാർ പരിചയപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതിയെ ദീർഘനാളത്തെ പ്രയത്നത്തിനൊടുവിലാണ് പിടികൂടിയത്.
സുരേഷ് കുമാറിനെയും, മറ്റൊരു പ്രതിയായ ദീപക്കിനെയും നേരത്തെ പിടികൂടിയിരുന്നു. ഇൻഫോപാർക്ക് സിഐ വിബിൻദാസ്, എസ്ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments