പ്രമുഖ ഇ-കോമേഴ്സ് കമ്പനിയായ ആമസോൺ രണ്ടാം ഘട്ട പിരിച്ചുവിടൽ നടപടിയുമായി വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, വരും ദിവസങ്ങളിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണത്തെ പിരിച്ചുവിടൽ പ്രധാനമായും ആമസോൺ വെബ് സേവനങ്ങൾ, പരസ്യ വിഭാഗങ്ങൾ എന്നിവയിലെ ജീവനക്കാരെയാണ് പ്രതികൂലമായി ബാധിക്കുക. സാമ്പത്തിക പ്രതിസന്ധി വീണ്ടും പിരിമുറുക്കിയതോടെയാണ് കൂടുതൽ ജീവനക്കാരെ പുറത്താക്കാൻ ആമസോൺ തീരുമാനിച്ചത്.
ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് 2023 സാക്ഷ്യം വഹിക്കുന്നത്. ഈ വർഷം ജനുവരിയിൽ 18,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നത്. ഇതോടെ, മൂന്ന് മാസത്തിനിടയിൽ 27,000 ജീവനക്കാരാണ് ആമസോണിൽ നിന്നും പടിയിറങ്ങുന്നത്. കഴിഞ്ഞ വർഷം വിവിധ തസ്തികകളിലേക്കായി ഒട്ടനവധി നിയമനങ്ങൾ ആമസോൺ നടത്തിയിരുന്നു. എന്നാൽ, സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെയാണ് ചെലവ് ചുരുക്കൽ നടപടി കമ്പനി ആരംഭിച്ചത്. ആമസോണിന് പുറമേ, ഒട്ടനവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
Post Your Comments