KeralaLatest NewsNews

എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നടപ്പാക്കും: നിയമലംഘകർക്കെതിരെ കർശന നടപടി

കൊച്ചി: മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കർശനമായി നടപ്പാക്കും. എറണകുളം ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാൻ ആവിഷ്‌കരിച്ച കർമ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താൻ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

Read Also: ഐസിഐസി പ്രുഡൻഷ്യൽ: ഏറ്റവും പുതിയ സേവിംഗ്സ് പദ്ധതിയായ പ്രു ഗോൾഡ് ലൈഫ് ഇൻഷുറൻസ് അവതരിപ്പിച്ചു

കർമ്മ പദ്ധതി പ്രകാരം ഇതുവരെ ചെയ്ത കാര്യങ്ങൾ ജില്ലയിലെ എല്ലാ നഗരസഭകളും യോഗത്തിൽ വിശദീകരിച്ചു. ജില്ലയിലെ എല്ലാ നഗരസഭകളിലും കർമ്മപദ്ധതി പ്രകാരമുള്ള പ്രത്യേക കൗൺസിൽ യോഗം ചേർന്നിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ ഭവനസന്ദർശന ബോധവത്കരണ പരിപാടിക്ക് മുന്നോടിയായി സന്ദർശന സംഘത്തിലുള്ളവർക്ക് മാർച്ച് 23, 24 തീയതികളിലായി പരിശീലനം നൽകും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ എൻഎസ്എസ് വളണ്ടിയർമാർ, ആശാ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവരുടെ സംഘമാണ് ബോധവൽകരണ പ്രവർത്തനം നടത്തുന്നത്. മാർച്ച് 25, 26 തീയതികളിൽ കൊച്ചി കോർപറേഷനിലും ഇതര നഗരസഭകളിലും എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തും. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യമായ സാങ്കേതിക പിന്തുണയും ഉപദേശവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കും. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം എല്ലാവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസും നൽകും.

ഇതിനു ശേഷവും മാലിന്യ സംസ്‌കരണ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങൾ വീടുകളിലുണ്ടോ, ഉണ്ടെങ്കിൽ അവ കൃത്യമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. ഹരിതകർമ്മ സേനാംഗങ്ങൾ അപര്യാപ്തമായ തദ്ദേശ സ്ഥാപനങ്ങൾ ഉടൻ കുറവ് നികത്താനുള്ള നടപടികൾ ആരംഭിച്ചു. മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ (എം.സി.എഫ്) എണ്ണം കുറവുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം. മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.

ഫ്‌ളാറ്റുകൾ, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ, ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവക്ക് ചട്ടപ്രകാരമുള്ള മാലിന്യസംസ്‌കരണ സംവിധാനം ഏർപ്പെടുത്താനുള്ള നോട്ടീസ് നൽകിത്തുടങ്ങി. ചട്ടം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് മന്ത്രിമാർ കർശന നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ യഥാസമയം തീരുമാനമെടുക്കാതിരുന്നാൽ കാലതാമസം ഒഴിവാക്കാനായി ദുരന്തനിവാരണ നിയമം അനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ എംപവേഡ് കമ്മിറ്റിയോട് നിർദേശിച്ചു. ബ്രഹ്മപുരത്തെ വിൻഡ്രോം കമ്പോസ്റ്റ് പ്ലാന്റ് പുനർനിർമിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കോർപറേഷൻ അറിയിച്ചു. എത്രയും പെട്ടെന്ന് അത് പൂർത്തിയാക്കാനും തീരുമാനിച്ചു.

ഏപ്രിൽ പത്തിനകം മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മപദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്നത്. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും യോഗത്തിൽ തീരുമാനമായി.

Read Also: പകൽച്ചൂടേറുന്നു: 6 മുതൽ 11 വരെയുള്ള സമയത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button