പയ്യോളി: കഞ്ചാവുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. മറ്റൊരാൾ രക്ഷപ്പെട്ടു. മണിയൂർ ഗ്രാമപഞ്ചായത്തിലെ പതിയാരക്കര പള്ളിപ്പറമ്പത്ത് വീട്ടിൽ സുബിനെയാണ് (27) പിടികൂടിയത്. കൊയിലാണ്ടി എക്സൈസ് റേഞ്ച് പാർട്ടി ആണ് ഇയാളെ പിടികൂടിയത്. മണിയൂർ മുടപ്പിലാവിൽ തിരുവങ്ങോത്ത് മീത്തൽ അശ്വിൻ (30) ആണ് രക്ഷപ്പെട്ടത്. ആകെ 2.040 കിലോഗ്രാം കഞ്ചാവാണ് ചാക്കിൽ കെട്ടിയ നിലയിൽ പൾസർ ബൈക്കിൽ കടത്തി വിൽപനക്ക് കൊണ്ടുവന്നത്.
Read Also : ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി, സി.പി.എമ്മിനെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പയ്യോളി കിഴൂരിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നിയ ബൈക്കിന് പിറകെ എക്സൈസ് ഉദ്യോഗസ്ഥരും രണ്ടംഗ സംഘത്തെ പിന്തുടരുകയായിരുന്നു. സംശയം തോന്നിയ പ്രതികൾ അമിതവേഗതയിൽ ബൈക്കോടിച്ച് കിഴൂർ – തുറശ്ശേരിക്കടവ് റോഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നിർത്തി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുബിൻ പിടിയിലായത്. കഞ്ചാവ് ആവശ്യപ്പെടുന്നവർക്ക് പണം അക്കൗണ്ടിലിട്ടശേഷം രഹസ്യസ്ഥലത്ത് ഉപേക്ഷിച്ച് സ്ഥലത്തിന്റെ ഗൂഗ്ൾ മാപ്പ് ലിങ്ക് അയച്ചുകൊടുക്കലാണ് പ്രതികളുടെ പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ പ്രതിക്കെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊയിലാണ്ടി റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ജി. ബിനുഗോപാൽ, പ്രിവന്റിവ് ഓഫീസർമാരായ എൻ. രാജു, എം. സജീവൻ, എൻ. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി.ആർ. രാകേഷ്ബാബു, എ.കെ. രതീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ആർ. രേഷ്മ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി. അശ്വിനായി തിരച്ചിലാരംഭിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments