
കൊച്ചി: വിവാദ വ്യവസായി ആയ ഫാരിസ് അബൂബക്കറിന്റെ വിവിധ ഇടങ്ങളിലുള്ള ഓഫീസുകളിലും വീടുകളിലുമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി വരികയാണ്. മണിക്കൂറുകൾ നീണ്ട റെയ്ഡിൽ പ്രധാനപ്പെട്ട പല രേഖകളും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. കൊയിലാണ്ടിക്കാരനായ ഫാരിസിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് വർഷങ്ങളായുള്ള ആരോപണമാണ്. ഫാരിസ് പിണറായി വിജയന്റെ അടുത്ത സുഹൃത്താണെന്ന പ്രചാരണവും ശക്തമാണ്. പിണറായിയുടെ ബിസിനസ് പങ്കാളിയാണ് ഫാരിസിന്ന് പി.സി ജോർജ് മുമ്പൊരിക്കൽ വിശേഷിപ്പിച്ചിരുന്നു. നിലവിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതോടെ ഫാരിസിന് മുഖ്യമന്ത്രിയുമായുള്ള ‘ആ വിവാദ ബന്ധം’ വീണ്ടും ചർച്ചയാകുന്നു.
Also Read:എയർ ഇന്ത്യയിലും ചാറ്റ്ജിപിടി സേവനം ആസ്വദിക്കാൻ അവസരം, പുതിയ പ്രഖ്യാപനവുമായി കമ്പനി
ഫാരിസിന്റെ പേരിലായിരുന്നു പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പാർട്ടി വേദികളിൽ പോലും കൊമ്പുകോർത്തിരുന്നത്. വെറുക്കപ്പെട്ടവൻ എന്നായിരുന്നു വി.എസ് ഫാരിസിനെ വിശേഷിപ്പിച്ചിരുന്നത്. വി.എസിന്റെ ശത്രു പിണറായിയുടെ മിത്രമായത് എങ്ങനെയെന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകർ പലയാവർത്തി ചോദിച്ചിട്ടുണ്ട്. ഫാരിസിന്റെ ജീവിതവും ‘വളർച്ച’യും അവിശ്വസനീയമാണ്, അപ്രതീക്ഷവും. ബിരുദ പഠനം കഴിഞ്ഞ ഫാരിസ് ചെന്നൈയിൽ തുകൽ ബിസിനസിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വളരെ പെട്ടന്നായിരുന്നു വളർച്ച. ഈ വളർച്ചയ്ക്ക് പിന്നിലെ കാരണം ആർക്കുമറിയില്ല. സിംഗപ്പൂരിൽ കിഡ്‌നി ഫൗണ്ടേഷന്റെ പേരിൽ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണം ഇതിനിടെ ഫാരിസിനെതിരേ ഉയർന്നിരുന്നു.
സി.പി.എം നേതാക്കളുമായി ഫാരിസിന് അടുത്ത ബന്ധമുണ്ടായിരുന്നു. അതെല്ലാം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങൾ ആണെന്നായിരുന്നു അക്കാലത്ത് ഇടത് സർക്കാർ വാദിച്ചത്. എന്നാൽ, 2007 ൽ ഈ വാദങ്ങൾ തച്ചുടയ്ക്കപ്പെട്ടു. കണ്ണൂരിൽ വെച്ച് നടന്ന നായനാർ ഫുട്‍ബോൾ മത്സരത്തിനായി 60 ലക്ഷം രൂപയാണ് ഫാരിസ് നൽകിയത്. ഇതോടെ ഫാരിസ്-സി.പി.എം ബന്ധം മറനീക്കി പുറത്തുവന്നു. പിണറായി വിജയന്റെ അടിക്കടിയുള്ള അമേരിക്കൻ യാത്രയും ഫാരിസും തമ്മിൽ ബന്ധമുണ്ടെന്നാണ് പി.സി ജോർജ് ഉന്നയിച്ചത്. ഏതായാലും ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ചില കാര്യങ്ങളൊക്കെ തെളിഞ്ഞുവരുമെന്നാണ് കരുതുന്നത്.
Post Your Comments