കൊല്ലം: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് കാളച്ചേഴത്ത് വിജിത്ത്(29), വാറുകാവ് കലയാക്കോട്ട് പടിഞ്ഞാറ്റതിൽ എൻ.എൻ നിവാസിൽ നിഥിൻ(28) എന്നിവരാണ് അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് ഇവരെ പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം. ശക്തികുളങ്ങര തറയിൽപടിഞ്ഞാറ്റതിൽ ആകാശിനെയാണ് പ്രതികൾ മാരകമായി പരിക്കേൽപ്പിച്ചത്. മുൻവിരോധം നിമിത്തം ആകാശിനെ വീടിന് മുന്നിൽ വിജിത്തും നിഥിനും ചേർന്ന് തടഞ്ഞു നിർത്തി ഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആകാശിനെ വിജിത്തിന്റെ പിതാവ് ജോസ് റിച്ചാർഡ് കാലിൽ വടിവാളിന് വെട്ടി വീഴ്ത്തുകയും പിൻതുടർന്നെത്തിയ മറ്റ് പ്രതികൾ കമ്പി വടി ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.
Read Also : രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴ്ന്ന നിരക്കിൽ, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ രഹസ്യമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിലാണ് നെടുമ്പാശേരി എയർപോർട്ടിൽ നിന്നും പിടിയിലായത്. ശക്തികുളങ്ങര പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇരുവരെയും വിദേശത്തേക്ക് കടക്കുന്നതിന് മുൻപ് പിടികൂടിയത്.
ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ആശാ.ഐ.വി, ദിലീപ്, ഡാർവിൻ, സിപിഒ ക്രസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments