കോട്ടയം: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടി. മൂന്ന് കൈസ്ആർടിസി ഡ്രൈവർമാരെയാണ് സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ എടിഒയും ഉൾപ്പെടെ അഞ്ച് പേരെയും സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോൺ, മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ വി രാജേഷ് കുമാറിനെയുമാണ് മദ്യപിച്ച് ജോലി ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.
തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 13 ന് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവർ ലിജോ സി ജോൺ എന്നിവർ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ വി രാജേഷ് കുമാറിനെ ഫെബ്രുവരി 21 നാണ് കറുകച്ചാൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞത്. തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.
Post Your Comments