നടൻ ഷുക്കൂർ വക്കിൽ തന്റെ ഭാര്യയെ നിയമപരമായി വിവാഹം ചെയ്തതിനെ മതസംഘടന എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ മതങ്ങളുടെ കടന്നു കയറ്റത്തിനുള്ള കാരണം ചൂണ്ടിക്കാട്ടുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
ദിപിൻ ജയദീപ് പങ്കുവച്ച കുറിപ്പ് പൂർണ്ണ രൂപം
(ലൂസി കളപ്പുരക്കൽ) ഇപ്പോഴും ക്രിസ്തുമത വിശ്വാസിയാണ്. ‘സിസ്റ്റർ’ എന്നാണ് അവർ സ്വയം അഭിസംബോധന ചെയ്യാറുള്ളത്. കന്യാസ്ത്രീ മഠത്തിന്റെ ഔദ്യോഗിക വിശദീകരണം ഈ വിഷയത്തിൽ എന്താണ് എന്നത് അറിയില്ല. ഔദ്യോഗികമായി അവർ പറയുന്നതാണ് ശരി. പക്ഷെ, ലൂസി കളപ്പുരക്കൽ ഇപ്പോഴും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു. കന്യാസ്ത്രീയായി തന്നെ തുടരുന്നു. അവരുടെ എതിർപ്പുകളൊക്കെ സഭയിലെ പുരുഷാധിപത്യത്തിനും, സുതാര്യതയില്ലാത്ത കന്യാസ്ത്രീ മഠങ്ങളുടെ നടത്തിപ്പിനും എതിരെയാണ്. ഒരു കന്യാസ്ത്രീയായി മഠത്തിൽ ജീവിച്ചവർ എന്ന നിലയിലും, ക്രിസ്തീയ സമൂഹത്തിലെ ഒരു അംഗമെന്ന നിലയിലും തനിക്ക് പറയാനുള്ളത് അരമനയിലും, അടഞ്ഞ സദസ്സുകളിലും എന്നതിനപ്പുറം പൊതുസമൂഹത്തോട് കൂടിയാണെന്ന് അവർ തീരുമാനിച്ചപ്പോൾ മുതൽ അവർ സഭയ്ക്കും വിശ്വാസിസമൂഹത്തിനും വെറുക്കപ്പെട്ടവളായി.
read also: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: വായ്പാ പലിശ നിരക്ക് ഉയർത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
‘ആദ്യം അവർ മതത്തിന് പുറത്ത് പോകട്ടെ. എന്നിട്ട് മതി വിമർശനമൊക്കെ.’
ഇങ്ങനെ പറയുന്ന ധാരാളം പേര് നമുക്ക് ചുറ്റും കാണാം. Jazla Madasseri യുടെ കാര്യത്തിൽ ഇത് ഒരുപാട് തവണ കേട്ടിട്ടുണ്ട്. അവിടെ വിചിത്രമായ വാദമാണ് വിശ്വാസിസമൂഹം പുലർത്തുന്നത്. നിലവിൽ മതവിശ്വാസിയല്ലാത്ത ജസ്‌ല അവരുടെ പേര് മാറ്റണമെന്നാണ് ഇവരുടെ വിചിത്രമായ ആവശ്യം! ജസ്‌ല എന്ന പേരിൽ അറിയപ്പെടുമ്പോൾ അത് മതവിശ്വാസിയാണെന്ന സൂചന നൽകുമെന്നതാണ് ഇവരുടെ പ്രശ്നം.
ഇത് തന്നെയാണ് Shukkur Vakkeel ലും, പങ്കാളി ഡോക്ടർ Sheena Shukkur ഉം രജിസ്റ്റർ വിവാഹം ചെയ്തപ്പോൾ. അവർ മതവിശ്വാസികളല്ല എന്ന് സ്ഥാപിക്കാനുള്ള തിരക്ക് പിടിച്ച ശ്രമത്തിലാണ് മതസമൂഹം.
കാരണം, പുറത്ത് നിന്നുള്ള ആയിരക്കണക്കിന് പേരുടെ വിമർശനങ്ങളേക്കാൾ അകത്ത് നിന്നുള്ള ഒരാളുടെ ഉറച്ച ശബ്ദത്തെ ഇവർ ഭയപ്പെടുന്നു. അകത്ത് നിന്നും കോഴിക്കുഞ്ഞ് അനായാസമായി തന്റെ ഇളംകൊക്ക് കൊണ്ട് തോടുടച്ച് പുറത്ത് വരുന്നത് പോലെ മതത്തിന്റെ ഐഡന്റിറ്റിയുള്ള ആളുകൾ പറയുമ്പോൾ ആ വാക്കുകൾക്ക് ആധികാരികത കൂടും. അത് കൊള്ളേണ്ടത് കൂടുതൽ ശക്തമായി കൊള്ളുകയും ചെയ്യും.
മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം പേരുകൾക്ക് വലിയ പരിഗണനയാണ് അവർ നൽകുന്നത്.
സ്വയം ‘കമല സുരയ്യ’യായി മാറിയ എഴുത്തുകാരി മാധവിക്കുട്ടിയെ ‘മാധവിക്കുട്ടി’ എന്ന് വിളിക്കാൻ ഹിന്ദുത്വവാദികൾ നിർബന്ധം പിടിക്കുന്നതും, ഇസ്ലാമിസ്റ്റുകൾ മാധവിക്കുട്ടി എന്ന് വിളിക്കരുതെന്ന് ശഠിക്കുന്നതുമൊക്കെ ഇത്തരം അജണ്ടകളുടെ ഭാഗമായിട്ടാണ്.
മതം എന്നത് മതമൗലിക വാദികൾക്ക് ആത്മീയതയല്ല. മറിച്ച്, രാഷ്ട്രീയമാണ്. പേരുകൾ, വേഷങ്ങൾ, ഭക്ഷണങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയൊക്കെ അവയ്ക്ക് പ്രാധാന്യമുള്ള കാര്യങ്ങളാണ്.
ഒരു രാഷ്ട്രീയ പാർട്ടിക്കുള്ളിൽ വിമതർ രൂപപ്പെട്ട് പാർട്ടിയിലെ കുറ്റങ്ങളെ ചൂണ്ടി കാണിക്കുമ്പോൾ നേതൃത്വം എങ്ങനെയാണോ അവിടെ അസ്വസ്ഥരാകുന്നത്.. അതുപോലെയാണ് മതത്തിന്റെ ഐഡന്റിറ്റിയുള്ള ആളുകൾ പൊതുസമൂഹത്തിൽ മതത്തിലെ കുറ്റങ്ങൾ നിരത്തി സംസാരിക്കുമ്പോൾ സംഭവിക്കുന്നത്.
ഒരു കുറ്റകൃത്യം നടന്നാൽ അത് പോക്സോ ആയാൽ പോലും കുറ്റാരോപിതനാകുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ച ശേഷം മാത്രമേ ഇത്തരം ആളുകൾ പ്രതികരിക്കുകയുള്ളൂ. തന്റെ മതത്തിൽ പെട്ട ആളാണെന്ന് തോന്നിക്കഴിഞ്ഞാൽ വിമർശിക്കാൻ ഇവർക്ക് ഉള്ളിൽ നിന്നും തോന്നില്ല. അവരെ ന്യായീകരിക്കാനും, മറ്റ് സംഭവങ്ങളുമായി താരതമ്യം ചെയ്ത് സമീകരിക്കാനുമുള്ള ഒരു ത്വര അവരുടെ ഉള്ളിൽ നിന്നും രൂപപ്പെടും. അങ്ങനെയുള്ള മനുഷ്യരാണ് മതമൗലികവാദികൾ. തെറ്റിന് നേരെ വിരൽ ചൂണ്ടുമ്പോൾ പോലും മതം ഒരു ഘടകമായി വരുമ്പോൾ സമൂഹജീവിതത്തിൽ വിഷലിപ്തമായ മനസ്സുള്ളവരായി മാത്രമേ അത്തരം ആളുകളെ കാണാൻ സാധിക്കുകയുള്ളൂ.
Dipin Jayadip
Post Your Comments