KeralaLatest News

പോലീസ് സ്‌റ്റേഷനിലെ വാഹനങ്ങള്‍കത്തിച്ചത് ചാണ്ടി ഷമീം: കൃത്യം കഴിഞ്ഞ് കെട്ടിടത്തില്‍ ഒളിച്ച ഇയാളെ പിടികൂടിയത് സാഹസികമായി

കണ്ണൂര്‍: വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ വാഹനങ്ങള്‍ക്ക് തീയിട്ടത് കാപ്പ കേസ് പ്രതി. സംഭവത്തിനുശേഷം സമീപത്തെ കെട്ടിടത്തില്‍ ഒളിവില്‍കഴിഞ്ഞ ഇയാളെ പോലീസ് അതിസാഹസികമായി പിടികൂടി. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീമിനെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഏറെനേരത്തെ മല്‍പ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ക്ക് തീപിടിച്ചത്.

മൂന്നുവാഹനങ്ങള്‍ പൂര്‍ണമായും രണ്ടുവാഹനങ്ങള്‍ ഭാഗികമായും കത്തിനശിച്ചിരുന്നു. സംഭവം അപകടമല്ലെന്നും വാഹനങ്ങള്‍ക്ക് തീയിട്ടതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസിന് വ്യക്തമായി. വാഹനങ്ങള്‍ക്ക് തീയിട്ടത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീമാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പോലീസ് സ്‌റ്റേഷനില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍നിന്ന് ഇയാളെ പിടികൂടിയത്. വാഹനങ്ങള്‍ക്ക് തീയിട്ടശേഷം പഴയ ഇരുനിലകെട്ടിടത്തില്‍ ഒളിവില്‍കഴിഞ്ഞ ഷമീമിനെ കൂടുതല്‍ പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത് .

പോലീസിനെതിരേ ചെറുത്തുനില്‍പ്പിനും പ്രതി ശ്രമിച്ചിരുന്നു. ഇതിനിടെ തന്റെ താടി പറിച്ചെടുത്തെന്നും അടിച്ചെന്നും ഇയാള്‍ ഉറക്കെവിളിച്ചുപറയുകയും ചെയ്തു. കാപ്പ കേസ് പ്രതിയായ ഷമീമും സഹോദരനും കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും പോലീസുകാരനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഷമീം സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഷമീമിന്റെ സഹോദരനെയും ഇവരുടെ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷമീം സ്‌റ്റേഷനിലെത്തി വാഹനങ്ങള്‍ക്ക് തീയിട്ടത്. പുലര്‍ച്ചെ മൂന്നുമണിയോടെ മുഖംമറച്ചെത്തിയ ഇയാള്‍ സ്‌റ്റേഷനിലെ ചുറ്റുമതിലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. ഷമീമിന്റെ പേരിലുള്ള ജീപ്പും ഇതില്‍ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button