കൊച്ചി: കൊച്ചിയിലേത് ഡല്‍ഹിയെക്കാള്‍ മെച്ചപ്പെട്ട വായുവാണെന്ന് മന്ത്രി എംബി രാജേഷ്. വസ്തുതകള്‍ പറയുമ്പോള്‍ പ്രതിപക്ഷം അസ്വസ്ഥരാകരുത്. സത്യത്തില്‍ നല്ല വായു ശ്വസിക്കണമെങ്കില്‍ കേരളത്തില്‍ വരേണ്ട സ്ഥിതിയാണെന്നും രാജേഷ് നിയമസഭയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ കേരളത്തിലേക്കാള്‍ മോശം വായുമാണ്. എന്നിട്ട് ഡല്‍ഹിയില്‍ നിന്ന് ചില നേതാക്കളും മന്ത്രിമാരും ഇവിടെ വന്നിട്ട് ഐ ക്യാന്‍ഡ് ബ്രീത്ത് എന്ന് പറയുകയാണെന്നും രാജേഷ് പരിഹസിച്ചു.
‘കൊച്ചിയില്‍ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ല. കൊച്ചിയിലെ എയര്‍ ക്വാളിറ്റി ഈ ദിവസങ്ങളില്‍ മോശമായത് ഏഴാം തീയതിയാണ്. അത് 259 പിപിഎമ്മാണ്. അന്ന് തീപിടിത്തമില്ലാത്ത ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി 238 ആണ്. ഇന്ന് രാവിലെ 9.38ന് 138 ആണ് കൊച്ചിയിലെ പിപിഎം. ഇത് കാര്യങ്ങള്‍ നിയന്ത്രണവിധേയമായത് കൊണ്ടാണ്. ഇന്ന് ഡല്‍ഹിയിലേത് അതേ സമയത്ത് 223 ആണ്. അപ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് ചിലര്‍, അവരുടെ പേര് പറയുന്നില്ല. ഇവിടെ എത്തിയിട്ട്, ഐ ക്യാന്‍ഡ് ബ്രീത്ത് എന്ന് പറയുന്നത്. അവര്‍ക്ക് ശ്വാസം മുട്ടുന്നെന്ന്. സത്യത്തില്‍ ശ്വസിക്കണമെങ്കില്‍ ഇവിടെ വരണമെന്നതാണ് സ്ഥിതി.
ഇന്നലെ ഒരു ചാനല്‍ കൊടുത്ത വാര്‍ത്ത പറയാം. കൊച്ചിയിലെ വായു മോശം അവസ്ഥയില്‍ ഡല്‍ഹിയെക്കാള്‍ മോശം. എന്താണ് വസ്തുത. പ്രതിപക്ഷത്തെ കെണിയിലാക്കുന്നത് ഇത്തരം വ്യാജവാര്‍ത്തകളാണ്. ഇന്നലെ ഡല്‍ഹിയിലെ പ്രൊമിനന്റ് പൊള്യൂഷന്‍ പിഎം 10. കൊച്ചിയിലേത് 2.5. അപ്പോഴാണ് വാര്‍ത്ത കൊടുക്കുന്നത് കൊച്ചിയിലെ വായു ഡല്‍ഹിയിലേക്കാള്‍ മോശമെന്ന്. കൊച്ചിയിലേത് നാലിലൊന്ന് മെച്ചപ്പെട്ടതാണ്.’
അതേസമയം, സീറോ വെസ്റ്റ് നഗരത്തില്‍ മാലിന്യ മല സൃഷ്ടിച്ചതില്‍ യുഡിഎഫിന് പങ്കുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് ലോകത്ത് ആദ്യമാണെന്ന് പ്രതിപക്ഷം വരുത്തുകയാണ്. ലോകത്താകെ മാലിന്യ മലകള്‍ക്ക് തീപ്പിടിച്ച സാഹചര്യമുണ്ട്. ബ്രഹ്മപുരത്തും മുന്‍പ് തീപിടിത്തം ഉണ്ടായിട്ടുണ്ട്. മുന്‍പ് ബ്രഹ്മപുരത്ത് തീപിടിച്ചപ്പോള്‍ നാലു ദിവസം തീ നീണ്ടു നിന്നിരുന്നു. അന്ന് യുഡിഎഫായിരുന്നു ഭരണത്തിലെന്നും എംബി രാജേഷ് പറഞ്ഞു.
Post Your Comments