Latest NewsKeralaNews

‘പിണറായി വിജയൻ ഒരു പരാജയപ്പെട്ട ഭരണാധികാരിയാണ്, ഇടതുപക്ഷം മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടണം’: വൈറൽ കുറിപ്പ്

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി ജനത ഇപ്പോള്‍ വിഷപ്പുകയില്‍ വീര്‍പ്പുമുട്ടുകയാണ്. വിഷപ്പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന രോഗാവസ്ഥകളെയും അവ ശ്വസിച്ചാല്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ആർക്കും കാര്യമായ അറിവില്ലെന്ന് വേണം പറയാൻ. ഇത്ര വലിയൊരു തീപിടുത്തവും ദുരന്തവും ഉണ്ടായിട്ടും, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് മാത്രം മിണ്ടാട്ടമില്ല. ബ്രന്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായി കൊച്ചി നഗരത്തെയും സമീപ പ്രദേശങ്ങളേയും വിഷപ്പുക വിഴുങ്ങിയിട്ട് 11 ദിവസമായിട്ടും ആശങ്കരായിരിക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല.

മലിനീകരണ നിയന്ത്രണം, പരിസ്ഥിതി, ദുരന്ത നിവാരണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട് ആണെന്ന ചോദ്യവും ഉയരുന്നു. കേരളത്തിലെ ഏറ്റവും വലിയ നഗരത്തിലെ വിഷപ്പുകയാൽ ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെയാണ് അദ്ദേഹം കണ്ടില്ലെന്നു നടിച്ചിരിക്കുന്നത്. പിണറായി വിജയൻ ഒരു പരാജയപ്പെട്ട ഭരണാധികാരിയാണ് എന്നാണ് ഇത് കാണിക്കുന്നതെന്ന് സുധീർ എൻ.ഇ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷം ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടണം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ശ്രദ്ധേയമാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്:

കൊച്ചി നഗരത്തിലെ ലക്ഷക്കണക്കിന് മനുഷ്യർ വിഷപ്പുകയുടെ പിടിയിലകപ്പെട്ടിട്ട് പതിനൊന്നു ദിവസം പിന്നിടുകയാണ്. ഇതിന്റെ പിറകിലെ കാരണങ്ങൾ കണ്ടെത്താൻ എന്ത് ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും പഠിക്കാൻ എന്ത് ശ്രമമാണ് നടക്കുന്നത്? വിഷപ്പുക അണയ്ക്കാൻ ശ്രമിക്കുന്നതിനോടൊപ്പം ഇത്തരം അന്വേഷണങ്ങളും നടക്കേണ്ടതുണ്ട്. ഈവക കാര്യങ്ങളിൽ വിശദമായ വിവരങ്ങളൊന്നും തന്നെ പുറത്തു വരുന്നില്ല. അന്വേഷണങ്ങൾ വല്ലതും നടക്കുന്നുണ്ടോ ആവോ?
മലിനീകരണ നിയന്ത്രണം, പരിസ്ഥിതി, ദുരന്ത നിവാരണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട് ? അദ്ദേഹം എന്തുകൊണ്ടാണ് ജനങ്ങളോട് സംസാരിക്കാത്തത്? കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തെയാണ് അദ്ദേഹം അവഗണിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നഗരത്തിലെ വിഷപ്പുകയാൽ ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെയാണ് അദ്ദേഹം കണ്ടില്ലെന്നു നടിച്ചിരിക്കുന്നത്.
ഇതു കാണിക്കുന്നത് പിണറായി വിജയൻ ഒരു പരാജയപ്പെട്ട ഭരണാധികാരിയാണ് എന്നു തന്നെയാണ്. ഇടതുപക്ഷം ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടണം.
ഇടതുപക്ഷം എന്നത് ഒരു മൂല്യബോധമാണ്. ജനങ്ങളോടുള്ള ഒരു ചേർന്ന് നിൽക്കലാണ്. നിസ്സഹായരായ ഒരു ജനതയോട് ചേർന്നു നിൽക്കാൻ തയ്യാറല്ലാത്ത ഒരു മുഖ്യമന്ത്രിയെ അവരെന്തിന് നിലനിർത്തണം ?

shortlink

Related Articles

Post Your Comments

Related Articles


Back to top button