തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 50 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ 50 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനുള്ളില്‍ തന്നെ ഈ ലക്ഷ്യത്തില്‍ എത്തുവാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. പൊന്നാനി ഹാര്‍ബര്‍ – ചമ്രവട്ടം പാലത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം.
അതേസമയം, കാലികമായ രീതികളും സമ്പ്രദായങ്ങളും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരും കരാറുകാരും സ്വായത്തമാക്കണമെന്നും അതിന് അവര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘നമ്മുടെ എഞ്ചിനീയര്‍മാര്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഉള്ള വൈദഗ്ധ്യം എടുത്തുപറയേണ്ട കാര്യമില്ല. പക്ഷെ, കാലികമായ കാര്യങ്ങള്‍ എഞ്ചിനീയര്‍മാരില്‍ എത്തേണ്ടതുണ്ട്.
പുതിയ രീതികളെക്കുറിച്ച് എഞ്ചിനീയര്‍മാരും അതുപോലെ കരാറുകാരും അറിയണം. അതിന് അവര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പില്‍ മാത്രമല്ല കാലികമായ അറിവ് സമ്പാദിക്കാന്‍ ഉള്ള പരിശീലനം എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ഓട്ടോമാറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Post Your Comments