KeralaLatest NewsNews

തൃശൂരില്‍ ഇവന്റ് മാനേജ്‌മെന്റ് ഗോഡൗണിലേക്ക് പടര്‍ന്നുകയറിയ തീ അണയ്ക്കുന്നതിനിടെ ഫയര്‍മാന്‍ കുഴഞ്ഞുവീണു

തൃശ്ശൂര്‍: തൃശൂരില്‍ വന്‍ തീപിടുത്തം. പെരിങ്ങാവില്‍ ഇവന്റ് മാനേജ്‌മെന്റ് ഗോഡൗണിലേക്ക് പടര്‍ന്നുകയറിയ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍മാന്‍ കുഴഞ്ഞുവീണു. കുന്നംകുളം ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സ്ഥാപനത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഗോഡൗണിലെ സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. സ്ഥാപനത്തിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്ന് ഉടമ ഷംസുദ്ദീന്‍ പറഞ്ഞു.

കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് തീയിട്ടത് സ്ഥാപനത്തിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. രണ്ട് ഫയര്‍ യൂണിറ്റുകളും നാട്ടുകാരുമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പ്രദേശത്ത് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. പ്രദേശത്താകെ വലിയ രീതിയില്‍ പുക വ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോള്‍ തന്നെ കെട്ടിടത്തിന് സമീപത്തുള്ള വഴിയിലൂടെ വാഹനങ്ങള്‍ പോകുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. അലങ്കാരത്തിനുള്ള പ്ലൈവുഡ് സാധനങ്ങളാണ് വളരെ പെട്ടെന്ന് തീപിടിച്ചത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പരിസരത്ത് ചില മൃഗങ്ങളും ഉണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button